ടി.ബി/എച്ച്.ഐ.വി ബോധവത്ക്കരണം; ജില്ലാതല ക്യാമ്പയിന് തുടക്കമായി

ടി.ബി നിവാരണ പ്രോഗ്രാമിന്റെ ഭാഗമായുള്ള ടി.ബി/എച്ച്.ഐ.വി ബോധവത്ക്കരണ ക്യാമ്പയിന്റെ കൊല്ലം ജില്ലാതല ഉദ്ഘാടനം പബ്ലിക് ലൈബ്രറി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ നിര്‍വഹിച്ചു. ആരോഗ്യരംഗത്തെ വളര്‍ച്ച രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടയാക്കിയതായിപറഞ്ഞു.
ടി.ബി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കവലകള്‍തോറും ടി.ബി/എച്ച്.ഐ.വി ബോധവത്ക്കരണക്യാമ്പയിന്‍ ശക്തമാക്കുന്നത്. വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആദിവാസിഉന്നതികള്‍, തീരപ്രദേശങ്ങള്‍, ആരാധനാലയങ്ങള്‍ പൊതുഇടങ്ങളിലെല്ലാം ബോധവത്ക്കരണവും ടി.ബി /എച്ച്.ഐ.വി പരിശോധനയും നടത്തും.
ടി.ബി എലിമിനേഷന്‍ യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിതിന്‍ തോംസണ്‍ അധ്യക്ഷനായി. പാലത്തറ സി.എച്ച്.സി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ജി. നടാഷ പദ്ധതി വിശദീകരിച്ചു. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജറും ഹെല്‍ത്ത് സര്‍വീസസ് അസിസ്റ്റന്റ് ഡയറക്ടറുമായ ഡോ. ദേവ് കിരണ്‍, ദിശ കെ.എസ്.എ.സി.എസ് ഡാറ്റാ മോണിറ്ററിങ് ആന്‍ഡ് ഡോക്യുമെന്റേഷന്‍ ഓഫീസര്‍ കെ.ബി അഭിലാഷ് കുമാര്‍ എന്നിവര്‍ രോഗലക്ഷണങ്ങള്‍, ചികിത്സാരീതികള്‍ സംബന്ധിച്ച് ക്ലാസെടുത്തു.
'ലഹരി ഉപയോഗം എച്ച്.ഐ.വി/ടി.ബി രോഗങ്ങളിലേക്ക് എങ്ങനെ നയിക്കുന്നു' വിഷയത്തില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എസ് ആര്‍ ഷെറിന്‍ രാജ് ക്ലാസ് നയിച്ചു. ജില്ലാ ടി ബി സെന്ററിന്റെ നേതൃത്വത്തില്‍ ടി ബി പരിശോധന ക്യാമ്പും നടത്തി.