‘ജനനി' കുടുംബ സംഗമം സംഘടിപ്പിച്ചു

post

‘ജനനി' വന്ധ്യത ചികിത്സാരംഗത്ത് ഹോമിയോപ്പതിയുടെ മികച്ച ഇടപെടല്‍: മന്ത്രി ജെ. ചിഞ്ചുറാണി

ആയുഷ്-ഹോമിയോപതി വകുപ്പ് നടപ്പാക്കിയ വന്ധ്യതചികിത്സ പദ്ധതി ‘ജനനി'യിലൂടെ ജനിച്ച കുഞ്ഞുങ്ങളെയും മാതാപിതാക്കളേയും ഉള്‍പ്പെടുത്തി കൊല്ലം ജില്ലാ പഞ്ചായത്തിലെ ജയന്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച കുടുംബസംഗമം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.

ജനനി പദ്ധതിയിലൂടെ വന്ധ്യതചികിത്സാരംഗത്ത് മികച്ച ഇടപെടലാണ് ഹോമിയോപ്പതി വകുപ്പ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.

സ്വകാര്യമേഖലയെക്കാള്‍ ചിലവ് കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത സൗജന്യ ചികിത്സയാണ് ഇവിടെ. 2014ല്‍ തുടങ്ങിയ പദ്ധതിയില്‍ സംസ്ഥാനത്ത് 3614 കുഞ്ഞുങ്ങള്‍ ജനിച്ചു. 302 കുഞ്ഞുങ്ങളാണ് ജില്ലാ ഹോമിയോപതി ആശുപത്രിയിലെ ചികിത്സയിലൂടെ ജനിച്ചത്. ചികിത്സയില്‍ മികവിന്റെകേന്ദ്രങ്ങളായി ഹോമിയോ ആശുപത്രികള്‍ മാറി. പദ്ധതി വിപുലീകരിച്ച് കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് എത്തണമെന്നും മന്ത്രി പറഞ്ഞു.

2014ല്‍ ജില്ലാപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് വന്ധ്യതാ പദ്ധതി ആരംഭിച്ചത്. 2019 മുതല്‍ ആഴ്ചയില്‍  എല്ലാദിവസവും പ്രവര്‍ത്തിക്കുന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്ഥിരംസമിതി അധ്യക്ഷ ജെ നജീബത്ത്, ജില്ലാ ശിശു ക്ഷേമസമിതി സെക്രട്ടറി ഡി ഷൈന്‍ദേവ്, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അച്ചാമ്മ ലെനു തോമസ്, ജനനി ജില്ലാ കണ്‍വീനര്‍ ഡോ. മിനി കുമാരി, ഉദ്യോഗസ്ഥര്‍, എച്ച്.എം.സി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.