പൾസ് പോളിയോ; കൊല്ലം ജില്ലയിൽ 121321 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി

കൊല്ലം ജില്ലയിൽ 87 ശതമാനം കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. അഞ്ചു വയസ്സിന് താഴെയുള്ള 121321 പേർക്ക് നൽകി. വിവിധ സാമൂഹിക- പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രി, സർക്കാർ വിക്ടോറിയ തുടങ്ങിയ ആശുപത്രികളിൽ ക്രമീകരണം നടത്തിയിരുന്നു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലും ബൂത്തുകൾ സജ്ജീകരിച്ചിരുന്നു.
അതിഥി തൊഴിലാളികളുടെ കുട്ടികൾ ഉൾപ്പെടെ മരുന്ന് സ്വീകരിച്ചു. മരുന്ന് എടുക്കാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കളാഴ്ച ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി നൽകും.
ജില്ലാതല ഉദ്ഘാടനം സർക്കാർ വിക്ടോറിയ ആശുപത്രിയിൽ എം.മുകേഷ് എം.എൽ.എ നിർവഹിച്ചു. ജില്ലാ കലക്ടർ എൻ.ദേവിദാസ് അധ്യക്ഷനായി. കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ യു.പവിത്ര, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ എ.ആർ.ശ്രീഹരി, ആർ.സി.എച്ച് ഓഫീസർ ഡോ.ലിന്റ ജോസഫ്, സ്റ്റേറ്റ് ഒബ്സർവർ ഡോ.വീണ സരോജി, സർക്കാർ വിക്ടോറിയ ആശുപത്രി ആർ.എം.ഒ ഡോ.റോയ് തുടങ്ങിയവർ പങ്കെടുത്തു.