ആറന്മുള ഉതൃട്ടാതി വള്ളംകളി : ജലഘോഷയാത്ര സംഘടിപ്പിച്ചു

ഉതൃട്ടാതി വള്ളംകളിയുടെ ഭാഗമായുള്ള ജലഘോഷയാത്ര പത്തനംതിട്ട സത്രകടവിൽ ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു.
ആറന്മുള ഉതൃട്ടാതി വള്ളംകളിക്കായി സത്രക്കടവിൽ സ്ഥിരം പവലിയൻ നിർമിക്കുമെന്ന് മന്ത്രി പറഞ്ഞു.ബജറ്റിൽ പവലിയൻ നിർമാണത്തിനും സംരക്ഷണത്തിനും തുക അനുവദിച്ച് ടെൻഡർ നടപടി പുരോഗമിക്കുന്നു. അടുത്ത വർഷത്തെ ജലമേളയ്ക്ക് മുൻപ് നിർമ്മാണം പൂർത്തിയാക്കും. പാമ്പയാറിൻ്റെ മനോഹാരിത സംരക്ഷിച്ചായിരിക്കും നിർമാണം.
ആറന്മുളയുടെ ഓണമാണ് ചിങ്ങമാസത്തിലെ ഉതൃട്ടാതി. ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള വള്ളംകളിലൊന്നായ ആറന്മുളയിലേത് ഭക്തിയുടെയും വിശ്വാസത്തിൻ്റെയും സമർപ്പണത്തിൻ്റെയും അടയാളമാണ് . നാടിൻ്റെ സംസ്കാരത്തിൻറെ പ്രതീകം കൂടിയാണിതെന്ന് മന്ത്രി പറഞ്ഞു.
പള്ളിയോടം സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ അധ്യക്ഷനായി. പ്രമോദ് നാരായൺ എം.എൽ.എ വഞ്ചിപ്പാട്ട് കലാകാരന്മാരെ ആദരിച്ചു. സിനിമാതാരം ജയസൂര്യ സുവനീർ പ്രകാശനം ചെയ്തു. വാഴൂർ തീർത്ഥപാദാശ്രമം സ്വാമി പ്രജ്ഞാനന്ദ തീർത്ഥ പാദർ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ്, മുൻ എം എൽ എമാരായ രാജു എബ്രഹാം, മാലേത്ത് സരളാ ദേവി, എ. പത്മകുമാർ, കെ.സി രാജഗോപാലൻ,
വിവരവകാശ കമ്മീഷൻ ചെയർമാൻ വി. ഹരികുമാർ, കേരള മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ മെമ്പർ കെ രഞ്ജുനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്മാരായ ജെ. ഇന്ദിരാദേവി, ബി. എസ്. അനീഷ് മോൻ, സി. കെ. അനു, സൂസൻ ഫിലിപ്പ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഓമല്ലൂർ ശങ്കരൻ, ആർ. അജയകുമാർ, പള്ളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ തുടങ്ങിയവർ പങ്കെടുത്തു.