കുരീപ്പുഴയിൽ ആര്‍.ആര്‍.എഫ് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റേഷന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു

post

കൊല്ലം കുരീപ്പുഴയിലെ ആര്‍.ആര്‍.എഫ് (റിസോഴ്‌സ് റിക്കവറി ഫെസിലിറ്റേഷന്‍ ) കേന്ദ്രം തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.കുരീപ്പുഴയില്‍ സമയബന്ധിതമായി ഐ.ടി. പാര്‍ക്കും കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റും സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു .

പൊതുമേഖലാസ്ഥാപനമായ ബി.പി.സി.എല്ലിന്റെ ജൈവമാലിന്യം ബയോഗ്യാസാക്കി മാറ്റുന്ന 90 കോടി രൂപയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റാണ് ഉദ്ദേശിക്കുന്നത്.

കുരീപ്പുഴയിലെ 14 ഏക്കര്‍ മാലിന്യവും ബ്രഹ്മപുരത്തെ 110 ഏക്കറിലുണ്ടായിരുന്നതും നീക്കംചെയ്തു. 93 കോടി രൂപ ചിലവില്‍ 150 ടണ്‍ ജൈവമാലിന്യം സംസ്‌കരിക്കുന്ന സി.ബി.ജി പ്ലാന്റിന്റെനിര്‍മാണം ബ്രഹ്മപുരത്ത് പൂര്‍ത്തിയായി. കുരീപ്പുഴയ്ക്ക് പുറമെ, തിരുവനന്തപുരം, തൃശൂര്‍, ചങ്ങനാശ്ശേരി, പാലക്കാട്, ബ്രഹ്മപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് സി.ബി.ജി പ്ലാന്റ് വരുക. ഭരണകാലാവധി കഴിയുന്നതിനുമുമ്പ് കണ്ണൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ സാനിറ്ററി മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.  

അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനും തരംതിരിക്കാനുമുള്ള കേരളത്തിലെ ആദ്യത്തെ ഡി.ബി.ഒ.ടി വ്യവസ്ഥയിലുള്ള റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി കേന്ദ്രമാണ് കുരീപ്പുഴയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. പ്രതിദിനം 50 ടണ്‍ ശേഷിയാണുള്ളത്.  പരിസ്ഥിതിമലിനീകരണം തടയാന്‍ സാധിക്കുമെന്നതാണ് സവിശേഷത. ഇതര അന്തരീക്ഷമലിനീകരണവും ഒഴിവാകും. ഇരുപതോളം വനിതകള്‍ക്ക് തൊഴിലും ലഭ്യമാകും. ഗ്രീന്‍ വേംസ് സ്ഥാപനത്തിനാണ് മേല്‍നോട്ട ചുമതല. കൊല്ലം കോര്‍പ്പറേഷന്‍ അജൈവമാലിന്യങ്ങളുടെ സംസ്‌കരണത്തില്‍ സ്വയംപര്യാപ്തത നേടുന്നതനുള്ള സാഹചര്യമാണ് സംജാതമായത്.  

മേയര്‍ ഹണി അധ്യക്ഷയായി. എം.എല്‍.എമാരായ എം. മുകേഷ്, സുജിത് വിജയന്‍പിള്ള, ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍, സ്ഥിരംസമിതി അധ്യക്ഷരായ എസ് ഗീതാകുമാരി, യു പവിത്ര, സജീവ് സോമന്‍, സുജാ കൃഷ്ണന്‍, അഡ്വ. എ കെ സവാദ്,  എസ് സവിതാദേവി, മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്,  ഡിവിഷന്‍ കൗണ്‍സിലര്‍ എസ് ശ്രീലത, കോര്‍പ്പറേഷന്‍ സെക്രട്ടറി എസ് എസ് സജി, ക്ലീന്‍ സിറ്റി മാനേജര്‍ ബി പി ബിജു, രാഷ്ട്രീയകക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.