സുരക്ഷാക്രമീകരണം കുറ്റമറ്റതെന്ന് ഉറപ്പാക്കാൻ നിർദേശം; തിരഞ്ഞെടുപ്പ് തയ്യാറെടുപ്പ് വിലയിരുത്തി പൊതുനിരീക്ഷകൻ
തദ്ദേശതിരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങൾ കുറ്റമറ്റനിലയിലെന്ന് ഉറപ്പാക്കാൻ പൊതുനിരീക്ഷകൻ സബിൻസമീദ് നിർദേശം നൽകി. ജില്ലയിലെ പ്രധാന വിതരണ-വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ച് തയ്യാറെടുപ്പുകൾ പരിശോധിക്കവേ തിരഞ്ഞെടുപ്പ്പ്രക്രിയ സുതാര്യവും കാര്യക്ഷമവുമാക്കാൻവേണ്ട നടപടിക്രമങ്ങളും വിശദീകരിച്ചു. ബ്ലോക്കുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷൻ പരിധിയിലെയും കേന്ദ്രങ്ങളിൽ റിട്ടേണിംഗ് ഓഫീസർമാരുമായി വിശദമായി ചർച്ചയും നടത്തി. നിലവിലെ സജ്ജീകരണങ്ങളും സംവിധാനങ്ങളും തൃപ്തികരമാണെന്ന് വിലയിരുത്തി. ഉദ്യോഗസ്ഥ ഏകോപനം തുടർപ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണമെന്നും വ്യക്തമാക്കി. വോട്ടിംഗ് മെഷിനുകളുടെ കമ്മീഷനിംഗ് ഡിസംബർ മൂന്ന് മുതൽ അഞ്ചുവരെ നടത്തും. അതത് വരണാധികാരികളാണ് നിർവഹിക്കുക എന്നും അറിയിച്ചു.
വ്യാജസന്ദേശങ്ങൾക്കെതിരെ കർശന നടപടി
വ്യാജ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെ സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് പണംതട്ടിയെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എൻ ദേവിദാസ് മുന്നറിയിപ്പ് നൽകി. ജില്ലാ കളക്ടറുടെ വ്യാജപ്രൊഫൈൽ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട എന്യുമറേഷൻ ഫോംവിതരണം പൂർത്തിയാക്കിയ ബി എൽ ഒമാർക്ക് അഭിനന്ദനം അറിയിച്ചാണ് സന്ദേശങ്ങൾ, തുടർന്നാണ് പണം ആവശ്യപ്പെടുന്നതും. ഇത്തരംസന്ദേശങ്ങളിൽ തെറ്റിദ്ധരിച്ച് പണമയക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
പ്രശ്‌നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിംഗ്
തദ്ദേശതിരഞ്ഞെടുപ്പുമായിബന്ധപ്പെട്ട് ജില്ലയിലെ 61 ബൂത്തുകൾ പ്രശ്നബാധിതമെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ കർശനസുരക്ഷാക്രമീകരണം സജ്ജമാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ. ദേവിദാസ്. ഇവിടങ്ങളിൽ വെബ്കാസ്റ്റിംഗ്-വിഡിയോഗ്രാഫി സംവിധാനം ഏർപ്പെടുത്തുകയാണ്. നിരന്തരനിരീക്ഷണത്തിനായാണ് സാങ്കേതികസംവിധാനങ്ങൾ ഉൾപ്പെടുത്തുന്നത്. സുഗമമായ തിരഞ്ഞെടുപ്പ് പ്രവർത്തനം ഉറപ്പ് വരുത്തുന്നതിനായി ജില്ലാതല കണ്ട്രോൾ-മോണിറ്ററിങ് സെൽ രൂപീകരിച്ചതായും വ്യക്തമാക്കി.










