തദ്ദേശ തിരഞ്ഞെടുപ്പ്; 22,54,848 വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്, ജില്ലയിൽ ഒരുക്കങ്ങൾ പൂർണം

post

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എൻ.ദേവിദാസ്. 68 ഗ്രാമപഞ്ചായത്തുകളും 11 ബ്ലോക്ക് പഞ്ചായത്തുകളും നാല് നഗരസഭകളും കോർപ്പറേഷനും ജില്ലാ പഞ്ചായത്തും ഉൾപ്പെടെ 85 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 1698 നിയോജകമണ്ഡലം/വാർഡുകളിലേക്കാണ് ഡിസംബർ ഒമ്പതിന് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ ഏഴ് വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിച്ചു.

അന്തിമ വോട്ടർപട്ടികപ്രകാരം ജില്ലയിൽ 22,54,848 വോട്ടർമാരുണ്ട്. 10,43,920 (പുരുഷ) 12,10,905 (സ്ത്രീ) 23 (ട്രാൻസ്‌ജെൻഡർ) ഉൾപ്പെടുന്നു. 48 പേർ പ്രവാസികളാണ്.

ജില്ലയിൽ 5652 സ്ഥാനാർഥികളാണ് മത്സര രംഗത്ത്. 2514 പുരുഷന്മാരും 3138 വനിതകളും ഉൾപ്പെടുന്നു. 1721 പേർ സ്ഥാനാർഥിത്വം പിൻവലിച്ചു. ആകെ സ്ഥാനാർഥികൾ- 5652. ജില്ലാ പഞ്ചായത്ത്-98, ബ്ലോക്ക് പഞ്ചായത്ത്-523, ഗ്രാമപഞ്ചായത്ത്-4402, കോർപറേഷൻ-202, നഗരസഭ-427.

ഇലക്ട്രോണിക് വോട്ടിംഗ്‌യന്ത്രങ്ങളുടെ കമ്മീഷനിങ് പൂർത്തിയാക്കി. പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് ഒരു കൺട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടാകും. വോട്ടിംഗ് കംപാർട്ട്മെന്റിൽ വച്ചിട്ടുള്ള മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭ/ കോർപറേഷനിൽ ഒരു കൺട്രോൾ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്. ഒരു ബാലറ്റ് യൂണിറ്റിൽ 15 വരെ സ്ഥാനാർഥികളെയാണ് ക്രമീകരിക്കുന്നത്. 7422 ബാലറ്റ് യൂണിറ്റുകളും 2730 കൺട്രോൾ യൂണിറ്റുകളും സ്‌ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിട്ടുണ്ട് . റിസർവ് യൂണിറ്റുകളും സജ്ജമാണ്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 13056 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 3264 വീതം പ്രിസൈഡിങ് ഓഫീസർമാരും 3264 ഫസ്റ്റ് പോളിംഗ് ഓഫീസർമാരും 6528 പോളിംഗ് ഓഫീസർമാരും ഉൾപ്പെടുന്നു. 4016 പുരുഷന്മാരും 9040 സ്ത്രീകളുമുണ്ട്. ഒരു പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിങ് ഓഫീസർ, രണ്ട് പോളിങ് ഓഫീസർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക.

1698 വാർഡുകളിലായി 2720 പോളിംഗ് സ്റ്റേഷനുകളുണ്ട്. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും ശേഖരണത്തിനും വോട്ടെണ്ണലിനുമായി 16 കേന്ദ്രങ്ങളും.

ഡിസംബർ എട്ട് രാവിലെ എട്ടു മുതലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം. ബസുകളും, മിനി ബസുകളും, കാറുകളും ജീപ്പുകളും ഉൾപ്പെടെ 1161 വാഹനങ്ങൾ ലഭ്യമാക്കും. 61 പ്രശ്‌നബാധിത ബൂത്തുകളിലേക്ക് വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി.

വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ

വോട്ടെടുപ്പ് ദിവസമായ ഡിസംബർ ഒമ്പതിന് രാവിലെ ആറിന് അതത് പോളിംഗ് സ്റ്റേഷനുകളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക് പോളിംഗ് നടക്കും. രാവിലെ എഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം.

തിരിച്ചറിയൽ രേഖകൾ

വോട്ടുചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡി കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസം മുമ്പെങ്കിലും ഏതെങ്കിലും ദേശസാൽകൃത ബാങ്ക് നൽകിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ താൽക്കാലിക തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഏതെങ്കിലുംഒന്ന് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.

വിതരണ-സ്വീകരണ- വോട്ടെണ്ണൽ കേന്ദ്രങ്ങൾ

പോളിംഗ്‌സാമഗ്രികൾ വിതരണംചെയ്യുകയും സ്വീകരിക്കുകയും വോട്ടെണ്ണൽ നടത്തുകയും ചെയ്യുന്ന കേന്ദ്രങ്ങൾ ബ്ലോക്ക് അടിസ്ഥാനത്തിൽ:

കരുനാഗപ്പള്ളി ബോയ്‌സ് എച്ച്എസ്എസ്, ഗേൾസ് എച്ച്എസ് കരുനാഗപ്പള്ളി - ഓച്ചിറ ബ്ലോക്ക്

കെ.എസ്.എം ഡി ബി കോളേജ്- ശാസ്താംകോട്ട ബ്ലോക്ക്

സർക്കാർഹയർ സെക്കൻഡറി സ്‌കൂൾ കിഴക്കുഭാഗം, പടിഞ്ഞാറ് ഭാഗം- വെട്ടിക്കവല ബ്ലോക്ക്

സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്‌കൂൾ- പത്തനാപുരം ബ്ലോക്ക്

സെന്റ് ജോൺസ് കോളേജ്- അഞ്ചൽ ബ്ലോക്ക്

സർക്കാർ ബോയ്‌സ് എച്ച്എസ്എസ്, വിഎച്ച്എസ്എസ്- കൊട്ടാരക്കര ബ്ലോക്ക്

എംജിഡി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, കുണ്ടറ- ചിറ്റുമല ബ്ലോക്ക്

സർക്കാർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, ശങ്കരമംഗലം - ചവറ ബ്ലോക്ക്

മീനാക്ഷി വിലാസം ഹയർ സെക്കൻഡറി സ്‌കൂൾ, പേരൂർ- മുഖത്തല ബ്ലോക്ക്

എൻഎസ്എസ് കോളേജ്, നിലമേൽ- ചടയമംഗലം ബ്ലോക്ക്

സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, ചാത്തന്നൂർ- ഇത്തിക്കര ബ്ലോക്ക്

നഗരസഭകൾ

ഡോ. വി.വി വേലുക്കുട്ടി അരയൻ മെമ്മോറിയൽ ഗവ.റീജിയണൽ ഫിഷറീസ് ടെക്കനിക്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ- കരുനാഗപ്പള്ളി നഗരസഭ

മാർത്തോമ ഗേൾസ് ഹൈസ്‌കൂൾ- കൊട്ടാരക്കര നഗരസഭ

എസ് എൻ വി ഗേൾസ് ഹൈസ്‌കൂൾ- പരവൂർ നഗരസഭ

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ- പുനലൂർ നഗരസഭ

കോർപറേഷൻ

സർക്കാർ മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, തേവള്ളി

അവസാനഘട്ട തയ്യാറെടുപ്പുകൾ വിലയിരുത്തി

തദ്ദേശ സ്വയംഭരണസ്ഥാപനതിരഞ്ഞെടുപ്പിലെ അവസാനവട്ട തയ്യാറെടുപ്പുകളും കുറ്റമറ്റനിലയിലെന്ന് സ്ഥിരീകരിക്കാൻ എ.ഡി.എം. ജി. നിർമൽകുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ജില്ലയിലെ വിവിധ വിതരണ-സ്വീകരണ കേന്ദ്രങ്ങളിലായിരുന്നു വിലയിരുത്തൽ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടപ്രകാരമുള്ള സംവിധാനങ്ങളെല്ലാം സുസജ്ജമാണെന്ന് എ.ഡി.എം വ്യക്തമാക്കി.

ജില്ലാ ഐ.ടി മിഷൻ പ്രൊജക്ട് മാനേജർ ജിതിൻരാജു, എൻ.ഐ.സി ഓഫീസർ സുമൽകുമാർ, തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയർ സൂപ്രണ്ട് രമേഷ് മാധവൻ തുടങ്ങിയവർ പങ്കെടുത്തു.