ഇ.വി.എം കമ്മീഷനിംഗിനു തുടക്കമായി

post

തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ ഇ.വി.എം (ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ) കമ്മീഷനിംഗ് തുടങ്ങിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എൻ. ദേവിദാസ്. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ഉൾപ്പെടുന്ന ബാലറ്റ് പേപ്പറുകൾ ക്രമീകരിച്ച് മെഷീനുകളെ വോട്ടെടുപ്പിനായി സജ്ജമാക്കുന്നതാണ് കമ്മീഷനിംഗ് പ്രക്രിയ. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിൽ അതത് മണ്ഡലങ്ങളിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങളിൽ വരണാധികാരികളുടെ നേതൃത്വത്തിലാണ് കമ്മീഷനിംഗ് നടപടികൾ പുരോഗമിക്കുന്നത്.

കൊല്ലം കോർപ്പറേഷൻ, മുഖത്തല, അഞ്ചൽ, ശാസ്താംകോട്ട ബ്ലോക്കുകളിൽ പ്രവർത്തനം തുടരുകയാണ്. ഓച്ചിറ, കൊട്ടാരക്കര, വെട്ടിക്കവല, ചിറ്റുമല, പത്തനാപുരം, ചവറ, ചടയമംഗലം ബ്ലോക്കുകളിൽ ഡിസംബർ നാലിനും ഇത്തിക്കര ബ്ലോക്കിൽ ഡിസംബർ അഞ്ചിനും ഇ.വി.എം കമ്മീഷനിംഗ് നടക്കുമെന്നും അറിയിച്ചു.

സ്ഥാനാർഥികൾ ആനുകൂല്യങ്ങൾ വിതരണം ചെയ്യരുത്

തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായവർ ജോലിയുടെ ഭാഗമായോ അല്ലാതെയോ ആനുകൂല്യങ്ങൾ വിതരണം ചെയ്യരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ക്ഷേമപെൻഷനുകൾ വിതരണംചെയ്യുന്നത് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒഴിവാക്കണം. സ്ഥാനാർഥികളായ ആശാവർക്കർമാർ സർക്കാർ നൽകുന്ന മരുന്നുകൾ മത്സരിക്കുന്ന മണ്ഡലത്തിലെ/വാർഡിലെ വോട്ടർമാർ ഉൾപ്പെടെയുള്ളവർക്ക് നേരിട്ട്‌വിതരണം ചെയ്യുന്നതിൽ നിന്നും തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മാറിനിൽക്കണം. മരുന്നും സാധനങ്ങളും ആനുകൂല്യവിതരണവും മുടങ്ങാതിരിക്കുന്നതിന് പകരംസംവിധാനം അതത് അധികാരികൾ ഏർപ്പെടുത്തേണ്ടതാണ്. ഇത് സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ നൽകുന്നതിന് വരണാധികാരികൾ സ്ഥാനാർഥികളുടെ യോഗം വിളിച്ചുചേർക്കണമെന്നും നിർദേശത്തിലുണ്ട്. ജില്ലാതല പെരുമാറ്റചട്ട നിരീക്ഷണസമിതി ഇക്കാര്യം കർശനമായി നിരീക്ഷിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ. ദേവിദാസ് അറിയിച്ചു.

തൊഴിൽവേഷത്തിൽ പ്രചാരണം പാടില്ല

തൊഴിൽവേഷത്തിൽ തിരഞ്ഞെടുപ്പ്പ്രചാരണം നടത്താൻ പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ എൻ. ദേവിദാസ്. ചേമ്പറിൽ ചേർന്ന പെരുമാറ്റചട്ടനിരീക്ഷണസമിതിയോഗത്തിൽ അധ്യക്ഷതവഹിക്കവെ ഹരിതകർമ സേനാംഗങ്ങൾ യൂണിഫോമിൽ പ്രചാരണത്തിനിറങ്ങുന്നുവെന്ന് ലഭിച്ച പരാതിയുടെപശ്ചാത്തലത്തിലാണ് നിർദേശം. പരാതി പരിശോധിക്കാൻ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

തിരഞ്ഞെടുപ്പ് ചിലവ് അധികരിക്കുന്നതായിഉയർന്ന പരാതികൾ ചെലവ്‌നിരീക്ഷകരുടെ പരിഗണനയ്ക്ക് വിടും. ഉച്ചഭാഷിണിയുടെ ഉപയോഗം സംബന്ധിച്ച ആക്ഷേപം പരിശോധിക്കാനായി മലിനീകരണം നിയന്ത്രണ ബോർഡിനെ ചുമതലപ്പെടുത്തി. മുൻകൂട്ടിനിശ്ചയിച്ച വിവാഹചടങ്ങിന് ബുക്ക് ചെയ്ത ഓഡിറ്റോറിയം തൊട്ടടുത്തദിവസം തിരഞ്ഞെടുപ്പിന് തടസമാകാത്തവിധത്തിലാകണം ഉപയോഗിക്കേണ്ടത്. ഇതുറപ്പാക്കാൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ് ഉത്തരവാദിത്തമെന്നും കമ്മിറ്റി തീരുമാനിച്ചു.

സമിതി അംഗങ്ങളായ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബി. ജയശ്രീ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ. ഹേമന്ത് കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അജയകുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാർ, റൂറൽ ഡി.വൈ.എസ്.പി രവിസന്തോഷ്, ഫിനാൻസ് ഓഫീസർ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.