തിരഞ്ഞെടുപ്പ് ജോലിക്കുള്ള ഉദ്യോഗസ്ഥക്രമീകരണം പൂർത്തിയായി
തദ്ദേശതിരഞ്ഞെടുപ്പിനുള്ള ഉദ്യോഗസ്ഥവിന്യാസം പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ എൻ.ദേവിദാസ്. സിവിൽസ്റ്റേഷനിലെ ഐ.ടി ഹാളിൽ അന്തിമ ഉദ്യോഗസ്ഥവിന്യാസക്രമീകരണംനടത്തി അതത് ഇടങ്ങളിലേക്കുള്ളവരെ നിയോഗിച്ചു. ആദ്യഘട്ടത്തിൽ ഉൾപ്പെട്ടിരുന്ന വിവിധകാരണങ്ങളാൽ ഒഴിവാക്കുന്നതിന് അപേക്ഷിച്ചവരിലെ അർഹരായവരെ മാറ്റിനിർത്തിയാണ് അന്തിമപട്ടിക. ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 13056 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
3264 വീതം പ്രിസൈഡിങ് ഓഫീസർമാരും 3264 ഫസ്റ്റ് പോളിംഗ് ഓഫീസർമാരും 6528 പോളിംഗ് ഓഫീസർമാരും ഉൾപ്പെടുന്നു. 4016 പുരുഷന്മാരും 9040 സ്ത്രീകളുമുണ്ട്. ഒരു പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിങ് ഓഫീസർ, രണ്ട് പോളിങ് ഓഫീസർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക. ഡിസംബർ നാല് മുതൽ ഉദ്യോഗസ്ഥർക്കും വിവിധ സ്ഥാപനങ്ങൾക്കും ഇ-ഡ്രോപ്പ് വെബ്‌സൈറ്റിലൂടെ https://www.edrop.sec.kerala.gov.in വിവരങ്ങൾ ലഭ്യമാകും. ഓരോരുത്തർക്കും അനുവദിച്ച ബൂത്ത്, വിതരണ-സ്വീകരണകേന്ദ്രങ്ങളുടെ വിവരങ്ങൾ, ഉദ്യോഗസ്ഥർ എത്തിച്ചേരേണ്ടസമയം തുടങ്ങി വിശദവിവരങ്ങളുണ്ടാകും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള റിസർവ് വിഭാഗത്തിൽ 2176 ഉദ്യോഗസ്ഥരാണ് ഉൾപ്പെട്ടിട്ടുള്ളത്. 16 വിതരണ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. തിരഞ്ഞെടുപ്പ് ക്ലാസുകളിലെ നിർദേശങ്ങളെല്ലാം പാലിച്ച് തിരഞ്ഞെടുപ്പ് നടപടികൾ കുറ്റമറ്റ രീതിയിൽ നിർവഹിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
എ.ഡി.എം ജി. നിർമൽ കുമാർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ബി. ജയശ്രീ, സൂപ്രണ്ടുമാരായ രമേഷ് മാധവൻ, കെ. സുരേഷ്, എൻ ഐ സി ഓഫീസർ പി.എസ് സുമൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.










