തൃക്കുന്നപ്പുഴയിൽ 'വയോജന സൗഹൃദ ഗ്രാമം' ശില്പശാല സംഘടിപ്പിച്ചു

ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ 'വയോജന സൗഹൃദ ഗ്രാമം' ശില്പശാല സംഘടിപ്പിച്ചു. ഗവ. എൽ പി എസിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദമാക്കി മാറ്റുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി 17 വാർഡുകളിലും നിന്നുള്ള വയോജന ക്ലബ്ബ് അംഗങ്ങൾ, റിസോഴ്സ് പേഴ്സൺമാർ എന്നിവർക്കായാണ് കിലയുടെ സഹകരണത്തോടെ ശില്പശാല സംഘടിപ്പിച്ചത്. മുഴുവൻ വാർഡുകളിലും പ്രത്യേകമായി വയോജന ഗ്രാമസഭകൾ വിളിച്ചുചേർത്തിരുന്നു. 17 വാർഡുകളിലും 11 അംഗങ്ങളുള്ള വയോജന ക്ലബ്ബുകളുടെ രൂപീകരണവും പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ശില്പശാലയിൽ ചർച്ച ചെയ്തു. ഓരോ വാർഡിലും 50 വീടുകൾക്ക് ഒരു വയോജന അയൽക്കൂട്ടമെന്ന നിലയിൽ തുടർന്നുള്ള ദിവസങ്ങളിൽ അയൽക്കൂട്ട രൂപീകരണങ്ങളും നടക്കും. നിയമ ബോധവൽക്കരണ പ്രവർത്തനങ്ങൾ, വയോജന ഫെസിലിറ്റേഷൻ സെന്റർ എന്നിവയും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉടൻ ആരംഭിക്കും.
പരിപാടിയിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബി അമ്മിണി ടീച്ചർ, സിയാർ തൃക്കുന്നപ്പുഴ, പഞ്ചായത്തംഗങ്ങളായ അർച്ചന ദിലീപ്, അനിൽകുമാർ, സിനി, കില ബ്ലോക്ക് കോ ഓർഡിനേറ്റർ സി രത്നകുമാർ, വയോജന ക്ലബ്ബ് അംഗങ്ങൾ, റിസോഴ്സ് പേഴ്സൺമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.