റെഡ് റിബൺ പ്രശ്നോത്തരി സംഘടിപ്പിച്ചു

അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 12ന് സംഘടിപ്പിക്കുന്ന റെഡ് റിബൺ പ്രശ്നോത്തരിയുടെ ആലപ്പുഴ ജില്ലാതല മത്സരം ജില്ലാ അസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു .
ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ശീലമാക്കണമെന്നും സമ്പത്തിനെക്കാൾ വലുത് ആരോഗ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാന ആരോഗ്യവകുപ്പ്, നാഷണൽ സർവീസ് സ്കീം, ജില്ലാപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ കേരള സ്റ്റേറ്റ് എയിഡ്സ് കൺട്രോൾ സൊസൈറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. എച്ച്ഐവി - എയിഡ്സ്, ആരോഗ്യകരമായ ആഹാര രീതികൾ, ലഹരി ഉപയോഗം തടയൽ, സന്നദ്ധരക്ത ദാനം, കേന്ദ്ര-സംസ്ഥാന ആരോഗ്യ പദ്ധതികൾ എന്നിവയെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരത്തിൽ ജില്ലയിലെ 63 സ്കൂളുകളിൽ നിന്നും 126 വിദ്യാർഥികൾ പങ്കെടുത്തു.
സ്കൂൾ തല മത്സരത്തിൽ വിജയിച്ച എട്ട്, ഒൻപത്, 11 ക്ലാസ് വിദ്യാർഥികളുടെ രണ്ട് പേരടങ്ങുന്ന ടീമുകളാണ് പങ്കെടുത്തത്. അമ്പലപ്പുഴ ഗവ. മോഡൽ എച്ച്എസ്‌എസിലെ എസ് ഉമ്മുൽകുൽസു, വി എം ദേവാംഗന എന്നിവരുടെ ടീം ഒന്നാംസ്ഥാനത്തോടെ തൃശൂരിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. തുറവൂർ ടിഡിഎച്ച്എസ്‌എസിലെ ജ്ഞാനശ്രീ പി പ്രഭു, അഭിജിത്ത് മാധവ് എന്നിവർ രണ്ടാം സ്ഥാനവും പുന്നപ്ര ഗവ. മോഡൽ റസിഡൻഷ്യൻ സ്കൂളിലെ എസ് ശിഖാ ശരൺ, പൂജ പ്രതീഷ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആദ്യ മൂന്നു സ്ഥാനക്കാർക്ക് 5000, 4000, 3000 രൂപവീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ആർ സേതുനാഥ് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം അനന്ത്, ഡോ. ഐ ചിത്ര, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.