കൂട്ടുമുഖം താഴെ പാലം നാടിന് സമർപ്പിച്ചു

കണ്ണൂർ കൂട്ടുമുഖം താഴെ പാലം ഡോ. ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു.വികസനം ഗ്രാമങ്ങളിൽ നിന്ന് തുടങ്ങണമെന്നും ഗ്രാമങ്ങൾ വികസിക്കുമ്പോൾ മാത്രമാണ് രാജ്യം വികസിക്കുന്നതെന്നും എംപി പറഞ്ഞു.
രാജ്യസഭ എം പിയായ ഡോ. ജോൺ ബ്രിട്ടാസിന്റെ 2022-23 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ചാണ് പാലത്തിന്റെ പണി പൂർത്തീകരിച്ചത്. കൂട്ടുമുഖത്തു നിന്നും കോളേരി വയൽ, കൊയിലി എന്നിവിടങ്ങളിലേക്ക് ഏറ്റവും വേഗത്തിലെത്താനാവുന്ന റോഡാണിത്. പാലത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ പ്രദേശത്തെ 150ഓളം വീട്ടുകാരുടെ യാത്രാദുരിതം അവസാനിച്ചു.
പാലത്തിനോട് ചേർന്നുള്ള 150 മീറ്റർ അപ്പ്രോച്ച് റോഡ് ടാർ ചെയ്യുന്നതിനായി ഫണ്ട് അനുവദിക്കുന്നതിനായി പ്രദേശവാസികൾ എം പി ക്ക് നിവേദനം നൽകി. പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ദ്രുതഗതിയിൽ പൂർത്തിയാക്കിയ കോൺട്രാക്ടർ ഹംസക്കുട്ടിക്കും പാലം നിർമ്മാണത്തിനായി നഗരസഭയ്ക്ക് സ്ഥലം വിട്ടുനൽകിയ മുഹമ്മദ് കുഞ്ഞിക്കും എം പി ഉപഹാരം നൽകി.ശ്രീകണ്ഠപുരം നഗരസഭ വാർഡ് കൗൺസിലർ വിവി ജമുന അധ്യക്ഷയായി.
വാർഡ് മെമ്പർമാരായ വിജിൽ മോഹനൻ, കെ ഒ പ്രദീപൻ, വി സി രവീന്ദ്രൻ, പി മീന, ഇ വി തങ്കമണി, സംഘാടക സമിതി കൺവീനർ കെ ഷൈജു, വിവിധ പാർട്ടി പ്രതിനിധികളായ വി സി ഹരിദാസൻ, ടി പി സുനിൽ കുമാർ, കെ പി ഗംഗാധരൻ, ഇല്ലിക്കൽ അഗസ്തി, സിബി പണ്ടാരശ്ശേരിയിൽ, അലക്‌സാണ്ടർ ഇല്ലിക്കുന്നുപുറത്ത് എന്നിവർ സംസാരിച്ചു.