പാട്യം പഞ്ചായത്തില്‍ അങ്കണവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെയും പാട്യം ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പാട്യം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ചിറക്കക്കാവില്‍ അങ്കണവാടി കം ക്രഷ് പ്രവര്‍ത്തനം ആരംഭിച്ചു. വനിത ശിശുവിഹാര സരോവരത്തില്‍ പാല്ന സ്കീമിന്റെ ഭാഗമായാണ് അങ്കണവാടി പൂര്‍ത്തീകരിച്ചത്. ആറുമാസം മുതല്‍ ആറ് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായാണ് അങ്കണവാടി കം ക്രഷ് നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി.കെ സുരേഷ് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.വി ഷിനിജ അധ്യക്ഷയായി.
കുട്ടികള്‍ക്കുള്ള കളി ഉപകരണം ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത് കൈമാറി. അടുക്കള ഉപകരണം കൈമാറല്‍ പാട്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി പ്രദീപ്കുമാര്‍ നിര്‍വ്വഹിച്ചു. ശിശുവികസന പദ്ധതി ഓഫീസര്‍ പി.എം പ്രീത പദ്ധതി വിശദീകരണം നടത്തി. പാട്യം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ടി സുജാത, മുഹമ്മദ് ഫായിസ് അരൂള്, ശോഭ കോമത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി റോജ, പാട്യം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ സമീര്‍, ടി.കെ സജീവന്, കെ പൂര്‍ണിമ, വാര്‍ഡ് അംഗം പി പന്മനാഭന്‍, ഐ സി ഡി എസ് സൂപ്രവൈസര്‍ ചോഴന്‍ വസന്ത എന്നിവര്‍ പങ്കെടുത്തു.