സ്റ്റാർട്ടപ്പ് മേഖലയിൽ 6,000 കോടി രൂപയുടെ നിക്ഷേപം;കേരളത്തിൽ ഐ ടി വ്യവസായത്തിൽ മുന്നേറ്റം: മുഖ്യമന്ത്രി

post

ഐ ടി വ്യവസായത്തിന് വലിയ മുന്നേറ്റമുണ്ടാകുന്ന സാഹചര്യമാണ് കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യാന്തര ഐ.ടി കമ്പനിയായ സോഹോ കോർപ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒമ്പതു വർഷംകൊണ്ട് 6,000 കോടി രൂപയുടെ നിക്ഷേപമാണ് സ്റ്റാർട്ടപ്പുകൾ മുഖേന കേരളത്തിലെത്തിയത്. 900 ലധികം ആശയങ്ങൾക്ക് പ്രാരംഭഘട്ട ധനസഹായമായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകളിൽ നിന്നും ഉത്പന്നങ്ങളും സേവനങ്ങളും സർക്കാർ വകുപ്പുകൾക്ക് നേരിട്ട് വാങ്ങുന്നതിനുള്ള പരിധി 20 ലക്ഷത്തിൽ നിന്നും 50 ലക്ഷമാക്കി ഉയർത്തി; 151 സ്റ്റാർട്ടപ്പുകൾക്ക് 32 കോടി രൂപയുടെ പ്രൊക്വയർമെന്റ് ലഭിച്ചു. ഐ ടി നിക്ഷേപകർ കേരളത്തിലേക്ക് കൂടുതലായി കടന്നുവരുന്നു. സംസ്ഥാനത്ത് ഐ ടി കയറ്റുമതി ഒരു ലക്ഷം കോടിയോട് അടുക്കുന്നു. കഴിഞ്ഞ ആഴ്ച ലുലു ഗ്രൂപ്പിന്റെ ഐ ടി പാർക്ക് എറണാകുളത്ത് പ്രവർത്തനമാരംഭിച്ചു. മറ്റൊരു 500 കോടി രൂപയുടെ നിക്ഷേപം കൂടി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

ഐ ടി മേഖലയിൽ നിലവിൽ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ഒന്നര ലക്ഷത്തോളം പേർ തൊഴിലെടുക്കുന്നുണ്ട്. 2016 മുതൽ ഇതുവരെ 66,000 ത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. കേരളത്തിലെ ഐ ടി പാർക്കുകളിലെ കമ്പനികളുടെ എണ്ണം 702 ൽ നിന്നും 1,156 ആയി വർധിച്ചു. ഐ ടി കയറ്റുമതി 34,123 കോടി രൂപയിൽ നിന്നും 90,000 കോടി രൂപയായി. 155.85 ലക്ഷം ചതുരശ്രയടി ബിൽറ്റപ്പ് സ്പേയ്സ് ഉണ്ടായിരുന്നത്, 223 ലക്ഷം ചതുരശ്രയടി ആയി വർധിപ്പിച്ചു.

ഈ സർക്കാരിന്റെ കാലത്ത് ആക്സെഞ്ച്വർ, എച്ച് സി എൽ, ആർമാദ, എക്വിഫാസ്, പ്രോചാന്റ്, ഗീക്യവോൾഫ്, ഐ ബി എം, എം എസ് സി, സ്ട്രാഡ, റ്റി എൻ പി, അഡേസ്സോ, മൈഗേറ്റ്, ടെക് മഹീന്ദ്ര, ക്വസ്റ്റ് ഗ്ലോബൽ തുടങ്ങിയ ആഗോള കമ്പനികൾ പ്രവർത്തനമാരംഭിച്ചു. യു എസ് ടി ഗ്ലോബൽ ഐ ടി കാമ്പസ്, ബ്രിഗേഡ് എന്റർപ്രൈസസിന്റെ വേൾഡ് ട്രേഡ് സെന്റർ ടവർ 3, കാസ്പിയൻ ടവർ 2, ജിയോജിത് ഐ ടി കാമ്പസ് തുടങ്ങിയ പ്രധാന കമ്പനികളുടെ പദ്ധതികൾ പുരോഗമിക്കുകയാണ്.

നൂതന സാമഗ്രികളുടെ വികസനത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റുന്നതിന് ഡിജിറ്റൽ സർവകലാശാല, സെന്റർ ഫോർ മെറ്റീരിയൽസ് ഇൻ ഇലക്ട്രോണിക് ടെക്നോളജീസുമായി സഹകരിച്ച് ഗ്രാഫീനിനായുള്ള ഇന്ത്യ ഇന്നൊവേഷൻ സെന്റർ കൊച്ചിയിൽ സ്ഥാപിച്ചിട്ടുണ്ട്. അനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനത്ത് 'ഗ്രാഫീൻ അറോറ പ്രോജക്ട്' നടപ്പാക്കുന്നതിന് 98.85 കോടി രൂപയുടെ പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.

സ്റ്റാർട്ടപ്പ് മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക സ്റ്റാർട്ടപ്പ് നയവും തുടർന്ന് സ്റ്റാർട്ടപ്പുകൾക്കായി കോർപ്പസ് ഫണ്ടും രൂപീകരിച്ചു. ആശയങ്ങൾ കേൾക്കാനും പ്രാവർത്തികമാക്കാനും കഴിയുന്ന വിധത്തിലേക്ക് സ്റ്റാർട്ടപ്പ് മിഷനെ മാറ്റിയെടുത്തു. സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 300 ൽ നിന്ന് 6,400 ആയി വർധിപ്പിച്ചു.


2022 ലെ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ കേരളം ടോപ്പ് പെർഫോർമർ പദവിയിലെത്തി. ഗ്ലോബൽ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം അഫോഡബിൾ ടാലന്റ് റാങ്കിംഗിൽ കേരളം ഏഷ്യയിൽ ഒന്നാമതാണ്. 2021 നും 2023 നുമിടയിൽ സ്റ്റാർട്ടപ്പ് മേഖലയിൽ 254 ശതമാനം വളർച്ച കൈവരിച്ചു. വിദേശ വിപണിയിലേക്ക് സ്റ്റാർട്ടപ്പുകളുടെ പ്രവേശനം സുഗമമാക്കുന്നതിന് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി കേന്ദ്രങ്ങൾക്ക് തുടക്കം കുറിച്ചു. അന്താരാഷ്ട്ര തലത്തിൽ സ്റ്റാർട്ടപ്പുകൾക്ക് അവസരങ്ങൾ നേടിക്കൊടുക്കുന്നതിന് ഇന്റർനാഷണൽ എക്സ്പോഷർ പ്രോഗ്രാമും നടത്തുന്നുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾ സോഹോ കോർപ്പറേഷന് ഊർജ്ജമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. പ്രാദേശിക സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് വികേന്ദ്രീകരണ ഐ.ടി വികസനത്തിലൂടെ സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ധാരാളം സംരംഭകർ സ്റ്റാർട്ടപ്പുകളും കമ്പനികളും തുടങ്ങാൻ മുന്നോട്ടുവരുന്നുണ്ട്. ഇവർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. വിജ്ഞാന സമ്പദ് വ്യവസ്ഥയിലാണ് കേരളത്തിന്റെ ഭാവിയെന്നും കൂട്ടിച്ചേർത്തു. കേരള സ്റ്റാർട്ട് അപ് മിഷൻ ഉൾപ്പെടെ വിവിധ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന്റെ പ്രഖ്യാപനവും നിർവഹിച്ചു.

കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ്, ഐ.ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു, കേരള സ്റ്റാർട്ട് അപ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, സോഹോ കോർപറേഷൻ സി.ഇ.ഒ ശൈലേഷ് കുമാർ ധാവേ, സഹ സ്ഥാപകരായ ശ്രീധർ വെമ്പു, ടോണി ജി. തോമസ്, ആർ ആൻഡ് ഡി സെന്റർ പ്രിൻസിപ്പൽ റിസർച്ചർ ഡോ. ജയരാജ് പോരൂർ, പ്രോഗ്രാം മാനേജർ മഹേഷ് ബാല, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയർ പങ്കെടുത്തു.

ആദ്യഘട്ടത്തിൽ 250 പേർക്ക് ജോലി

കൊട്ടാരക്കര സോഹോയിൽ ആദ്യഘട്ടത്തിൽ 250 പേർക്ക് ജോലി ലഭ്യമാക്കും. വൻനഗരങ്ങൾ കൂടാതെ ഗ്രാമ-ചെറു പട്ടണങ്ങളിലെ തൊഴിൽനൈപുണ്യമുള്ളവരുടെ സേവനം ഐ.ടി മേഖലയിൽ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ മുന്നിട്ടാണ് പദ്ധതി കേരളത്തിൽ എത്തിച്ചത്. റോബോട്ടിക്‌സ്, നിർമിതബുദ്ധി മേഖലകൾ കേന്ദ്രീകരിച്ചാണ് പുതു സംരംഭങ്ങളുടെ പ്രവർത്തനം. ഒന്നര വർഷം മുൻപ് കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി ക്യാമ്പസിൽ സ്റ്റാർട്ട് അപ് മിഷന്റെ സഹകരണത്തോടെ സ്ഥാപിച്ച ആർ ആൻഡ് ഡി കേന്ദ്രത്തിന്റെ തുടർച്ചയാണ് പുതിയ സ്ഥാപനവും.

യുവജനങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും നൈപുണ്യ വിടവ് നികത്തുന്നതിനും കമ്പനി ഒരു ഇന്റേൺഷിപ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. ആദ്യത്തെ മൂന്ന് മാസത്തേക്ക് പരിശീലനാർഥികളെ നൈപുണ്യ വികസന കോഴ്‌സിനു വിധേയരാകുന്നു. സ്‌പെഷ്യലൈസേഷനും തിരഞ്ഞെടുക്കാം. സി. സി++, പൈത്തൺ എന്നിവയിലെ കോഡിങ് നിർബന്ധിത വിഷയങ്ങളാണ്. പരിശീലനത്തിന് ശേഷം ആറ് മാസത്തേക്ക് വിവിധ പ്രോജക്ടുകളിൽ അവസരം നൽകി പ്രവർത്തനങ്ങൾ വിലയിരുത്തും. രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കുന്നവർ സോഹോയുടെ തൊഴിൽസേനയിൽ ചേരും. ഒമ്പത് മാസത്തെ പരിശീലന കാലയളവിൽ ഇന്റേണുകൾക്ക് സ്‌റ്റൈപ്പൻഡ് ലഭിക്കും.

സോഹോയുടെ ഗവേഷണ വികസന ശേഷികൾ റോബോട്ടിക്‌സിലേക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമായി അസിമോവ് റോബോട്ടിക്‌സിനെ ഏറ്റെടുത്തു. 2012-ൽ സ്ഥാപിതമായ, സർവീസ് റോബോട്ടുകളുടെ മേഖലയിൽ പ്രവർത്തിക്കുന്ന കേരളം ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പാണിത്.

ഡീപ് ടെക് ഗവേഷണത്തിനായി കേരള സ്റ്റാർട്ട് അപ്പ് മിഷൻ ആരംഭിക്കുന്ന ഡീപ് ടെക് പ്രോഡക്റ്റ് സ്റ്റുഡിയോയുടെ ആദ്യത്തെ വ്യവസായ പങ്കാളിയാണ് സോഹോ. ഈ സഹകരണം കൂടുതൽ പര്യവേഷണം നടത്താൻ സഹായിക്കും.