പേവിഷബാധാ പ്രതിരോധം: സ്‌പെഷ്യൽ അസംബ്ലിയും ബോധവൽക്കരണ ക്ലാസും നടത്തി

post

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം, വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പേവിഷബാധാ പ്രതിരോധം സംബന്ധിച്ച് സ്‌കൂൾ വിദ്യാർഥികൾക്കായി സ്‌പെഷ്യൽ അസംബ്ലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പേവിഷബാധ അഥവാ റാബീസ് ആരോഗ്യ വെല്ലുവിളിയായി നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായി,വാക്‌സിനേഷൻ, പ്രഥമ ശുശ്രൂഷ, മുൻകരുതലുകൾ, വളർത്തു മൃഗങ്ങളുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെ സംബന്ധിച്ച് അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർക്ക് ബോധവത്കരണം നൽകുന്നതിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്.

ജില്ലാ സർവെയ്‌ലൻസ് ഓഫീസർ ഡോ. ജോബിൻ. ജി ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ ഫാ. തോമസ് കുളമാക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ ആർ.സി. എച്ച് ഓഫീസർ ഡോ. സിബി ജോർജ്, ഹൈസ്‌കൂൾ വിഭാഗം ഹെഡ്മിസ്ട്രസ് അർച്ചന എന്നിവർ സംസാരിച്ചു. വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ. ആൽബർട്ട്, വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ സിബി എന്നിവർ ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ബോധ വൽക്കരണ ക്ലാസ് എടുത്തു. ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ ആൻഡ് മീഡിയാ ഓഫീസർ ഷൈലാഭായി വി.ആർ റാബീസ് ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന ആരോഗ്യ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നിർദ്ദേശപ്രകാരമാണ്പരിപാടി സംഘടിപ്പിച്ചത്.

ജില്ലയിലെ എല്ലാ സർക്കാർ,സർക്കാർ എയ്ഡഡ് സ്‌കൂളുകളിലും ഇത്തരത്തിൽ സ്‌പെഷ്യൽ അസംബ്ലിയും, ബോധവൽക്കരണ ക്ലാസും ആരോഗ്യ പ്രവർത്തകരുടെയും, സ്‌കൂൾ അധികൃതരുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു.

മൃഗങ്ങളുടെ കടിയേറ്റാൽ പ്രഥമ ശുശ്രൂഷയും വാക്സിനും വളരെ പ്രധാനമാണ്. കടിയേറ്റാൽ കുട്ടികൾക്ക് പെട്ടെന്ന് രോഗബാധയായുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ കടിയോ, മാന്തലോ, പോറലോ ഏറ്റാൽ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നൽകേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷൻ, മൃഗങ്ങളോട് ഇടപഴകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപ്പറ്റി കുട്ടികൾക്കും അധ്യാപകർക്കും ബോധവത്ക്കരണം നൽകി. വളർത്തുമൃഗങ്ങളുമായി ഇടപഴകുമ്പോൾ ചെറിയ പോറലുകളോ മുറിവുകളും ഉണ്ടായാൽ പോലും അലംഭാവം അരുത്. മൃഗങ്ങളിൽ നിന്ന് കടി, മാന്തൽ എന്നിവയേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് ടാപ്പ് വെള്ളത്തിൽ നേരിട്ടോ വെള്ളം കോരി ഒഴിച്ചോ സോപ്പ് ഉപയോഗിച്ച് 15 മിനിറ്റ് തുടർച്ചയായി കഴുകണം. സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതിലൂടെ വൈറസ് അടങ്ങിയ ഉമിനീർ പുറന്തള്ളപ്പെടുന്നതിനാലും വൈറസുകൾ നശിക്കുന്നതിനാലും നാഡീവ്യൂഹത്തിലൂടെ വൈറസ് തലച്ചോറിൽ എത്തുന്നത് തടയാൻ സാധിക്കും. അതിനാൽ മുറിവേറ്റ ഭാഗം 15 മിനിറ്റ് വെള്ളത്തിൽ കഴുകുന്നത് വളരെ പ്രധാനമാണ്.

ജൂലൈ മാസത്തിൽ എല്ലാ സ്‌കൂളുകളിലെയും അധ്യാപകർക്കും, രക്ഷകർത്താക്കൾക്കും, പി.ടി.എ. യോഗങ്ങളിലൂടെ സമാനമായ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും.