കുടുംബശ്രീ കെ-ടാപ്പ് പദ്ധതിക്ക് ഇടുക്കിയിൽ ഉജ്ജ്വല തുടക്കം

കാർഷിക മേഖലയിൽ നൂതന ആശയങ്ങളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തി സുസ്ഥിര വികസനം ലക്ഷ്യമിടുന്ന കെ-ടാപ്പ് (കുടുംബശ്രീ ടെക്‌നോളജി അഡ്വാൻസ്‌മെന്റ് പ്രോഗ്രാം) പദ്ധതിക്ക് ഇടുക്കിയിൽ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ടെക്‌നോളജി ഡിസെമിനേഷൻ ക്ലീനിക്ക് പരിശീലന പരിപാടി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. ഷാനവാസ്. എസ് അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ കർഷകർക്കും സംരംഭകർക്കും ഇന്ത്യയിലെ കാർഷിക ഭക്ഷ്യ സംസ്‌കരണ മേഖലകളിലെ പ്രശസ്ത സ്ഥാപനങ്ങളുടെ 180 ഓളം നൂതന സാങ്കേതികവിദ്യകൾ ലഭ്യമാക്കുക എന്നതാണ് കെ-ടാപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കെ-ടാപ്പ് പദ്ധതിയിലൂടെ ലഭ്യമാകുന്ന സാങ്കേതിക വിദ്യകളെയും സേവനങ്ങളെയും കുറിച്ച് ഓഫീസർ ഡോ. ഷാനവാസ് എസ്. സംരംഭകർക്ക് വിശദീകരിച്ചു.
സംരംഭകർ നിലവിൽ നേരിടുന്ന വെല്ലുവിളികളും സാങ്കേതിക വിദ്യയുടെ സാധ്യതകളും ചർച്ച ചെയ്യുന്ന ഒരു ക്ലിനിക്കും പരിപാടിയുടെ ഭാഗമായി നടന്നു. വട്ടവട, ദേവികുളം എന്നിവിടങ്ങളിലെ സി.ഡി.എസ്. ചെയർപേഴ്‌സൺമാർക്ക് പി.ഒ. അച്ചാർ, ചിപ്‌സ്, പാഷൻ ഫ്രൂട്ട്‌സ് എന്നിവയുൾപ്പെടെയുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ കൈപ്പുസ്തകം പ്രകാശനം ചെയ്തു.
പരിപാടിയിൽ തിരഞ്ഞെടുത്ത സംരംഭകരുടെ നാല് ഉൽപ്പന്നങ്ങൾ അടങ്ങിയ ഒരു ഗിഫ്റ്റ് പാക്ക് കളക്ടർ ജില്ലാ മിഷൻ കോർഡിനേറ്റർ ഷിബു ജി, പ്രോഗ്രാം ഓഫീസർ ഷാനവാസ് എസ്. എന്നിവർക്ക് കൈമാറി. ജില്ലാ പ്രോഗ്രാം മാനേജർ ലക്ഷ്മി.എസ്, 55 സി.ഡി.എസുകളിലെയും ചെയർപേഴ്‌സൺമാർ, മെമ്പർ സെക്രട്ടറിമാർ, അഗ്രി സി.ആർ.പി.മാർ, സംരംഭകർ എന്നിവരുൾപ്പെടെ 200 ഓളം പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.