രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ ബ്ലോക്കും വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്തു

കുടുംബാരോഗ്യ കേന്ദ്രത്തിൽ നടപ്പാക്കിയത് 1.16 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ
രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ പുതിയ ബ്ലോക്കിൻ്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം എം.എം മണി എം.എൽ.എ നിർവഹിച്ചു. പുതിയ ബ്ലോക്ക്, ഹോസ്പിറ്റൽ കഫേ, ടോയ്ലറ്റ് സമുച്ചയം, ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ആശുപത്രിയോട് ചേർന്ന് ബസ് കാത്തിരുപ്പ് കേന്ദ്രം, ഹൈമാസ്റ്റ് ലൈറ്റ് എന്നിവ ഉൾപ്പെടെ 1.16 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടപ്പാക്കിയത്. 3300 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച പുതിയ ബ്ലോക്കിൻ്റെ നിർമ്മാണ ചെലവ് 70 ലക്ഷം രൂപയാണ്. ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയത്തിന് 21 ലക്ഷം രൂപയാണ് ചെലവ്.
പൊതുസ്ഥാപനങ്ങളുടെ മികച്ച പ്രവർത്തനത്തിന് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ ശ്രമവും സഹകരണവും ആവശ്യമാണെന്ന് എം.എം മണി എംഎൽഎ പറഞ്ഞു. ആരോഗ്യ രംഗത്ത് വളരെ പിന്നാക്കം നിൽക്കുന്ന പ്രദേശമാണ് രാജകുമാരി. ഈ പ്രദേശത്തെ സാധരണക്കാർക്ക് പ്രഥമ ശുശ്രൂഷ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ ഘട്ടങ്ങളിൽ ജനപ്രതിനിധികൾ ആരോഗ്യ കേന്ദ്രത്തിൻ്റെ വികസനത്തിന് പ്രത്യേക പരിഗണന നൽകി തുക അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
1974 ൽ സർക്കാർ റൂറൽ ഡിസ്പെൻസറി ആയി വാടക കെട്ടിടത്തിൽ ആരംഭിച്ച സ്ഥാപനം 2020 ൽ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തി. നിലവിൽ രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രീ ചെക്കപ്പ്, ഒ.പി, നിരീക്ഷണ സേവനം, ഇ.സി.ജി സംവിധാനം, ലാബ്, ഫാർമസി, എൻ.സി.ഡി ക്ലിനിക്, ശ്വാസ് ക്ലിനിക്, ആൻ്റി നേറ്റൽ ക്ലിനിക് തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് ആരോഗ്യ കേന്ദ്രത്തിൻ്റെ പ്രവർത്തന സമയം. മൂന്ന് ഡോക്ടർമാരുടെ സേവനവും ഇവിടെ ലഭിക്കും.
രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുമ ബിജു അധ്യക്ഷയായി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ലിൻഡ സാറ കുര്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. രാജകുമാരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജേഷ് മുകളേൽ, ത്രിതല പഞ്ചായത്തംഗങ്ങളായ ആഷ സന്തോഷ്, കെ.ജെ സിജു, പി. രാജാറാം, എ. ചിത്ര, മഞ്ജു ബിജു, പി. കുമരേശൻ, രാജകുമാരി സഹകരണ ബാങ്ക് പ്രസിഡൻ്റ് ബോസ് പി മാത്യു, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സുമ സുരേന്ദ്രൻ, പി. രവി, വർഗീസ് ആറ്റുപുറം, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ എം.എൻ ഹരിക്കുട്ടൻ, ഷൈലജ സുരേന്ദ്രൻ, കെ.കെ തങ്കച്ചൻ, എ.പി റോയി, വിനോദ് കെ കിഴക്കേമുറി, ബേബി കവലിയേലിൽ, ഹസൻ ടി.എസ്, എസ് മുരുകൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് സിസി മാത്യു സ്റ്റാഫ് സെക്രട്ടറി ഫൈസൽ പി.എച്ച്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കാഞ്ചന റ്റി.കെ തുടങ്ങി നിരവധി പേർ പങ്കെടുത്തു.