ജനാഭിപ്രായം കേരളത്തിന്റെ ഭാവിവികസനത്തിന് പ്രയോജനപ്പെടുത്തും: മുഖ്യമന്ത്രി

post

പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സർക്കാരിന്റെ തുടർപ്രവർത്തനങ്ങളെ വലിയരീതിയിൽ സഹായിക്കുമെന്നും അത് കേരളത്തിന്റെ ഭാവിവികസനത്തിന് പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികവുമായി ബന്ധപ്പെട്ട് ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ജില്ലാതല യോഗം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാതലയോഗങ്ങൾക്ക് വലിയ ജനപങ്കാളിത്തമുണ്ട്. അതുകൂടി കണക്കിലെടുത്ത് തിരുവന്തപുരത്ത് നടക്കുന്ന എന്റെ കേരളം പരിപാടിയുടെ സമാപനസമ്മേളനത്തിൽ സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കും. പ്രകടനപത്രികയിലെ കുറച്ച് കാര്യങ്ങൾ മാത്രമാണ് യാഥാർഥ്യമാകാനുള്ളത്. വരും നാളുകളിൽ അവയ്ക്ക് മുൻഗണന നൽകി നീങ്ങും. സർക്കാർ പ്രവർത്തനങ്ങളുടെ ഓരോവർഷത്തെയും പുരോഗതി ജനങ്ങളെ അറിയിക്കുന്ന രീതി മറ്റെങ്ങും ഇല്ലാത്തതാണ്. ജനങ്ങളാണ് അന്തിമ വിധികർത്താക്കൾ. കാലതാമസമില്ലാതെ കാര്യങ്ങൾ നടക്കുന്നതിനാൽ ഭരണനിർവഹണത്തിന്റെ സ്വാദ് ജനങ്ങൾ അറിയാൻ തുടങ്ങി. ഫയൽ തീർപ്പാക്കുന്നതിനായി പ്രത്യേക പദ്ധതികൾ, മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്തുകൾ, മന്ത്രിസഭയാകെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന നവകേരള സദസ്സുകൾ, മേഖലാ അവലോകന യോഗങ്ങൾ തുടങ്ങി തത്സമയ പരിഹാരങ്ങൾ മുതൽ തുടർനടപടിക്ക് നിർദേശംന ൽകിയുള്ള തീർപാക്കൽവരെ നടപ്പിലാക്കി.

പലവിധ പ്രതിസന്ധികളിൽ സഹായിക്കാൻ ബാധ്യതയുള്ളവർ സഹായിച്ചില്ലെന്ന് മാത്രമല്ല, ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടസപ്പെടുത്തുകയും ചെയ്തു. മാനദണ്ഡങ്ങൾക്ക് വിധേയമായി ലഭിക്കേണ്ട വിഹിതവും കിട്ടിയില്ല. അർഹതപ്പെട്ടത് നിഷേധിക്കുന്ന നിലപാടാണ് ഉണ്ടായത്. എങ്കിലും പുറകോട്ട് പോകാൻ നാടും നാട്ടുകാരും തയ്യാറായില്ല. പലവിധ പ്രതിസന്ധികൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവ സംഭവിച്ചിട്ടും വിവിധ മേഖലകളിൽ പുരോഗതി കൈവരിച്ചു. പ്രശ്‌നങ്ങളെ വിജയകരമായി അതിജീവിച്ചു. അസാധ്യമെന്ന് കരുതിയ പലതും സാധ്യമാക്കി.


കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽ 2023-2024 വർഷത്തിൽ 72.84 ശതമാനത്തിന്റെ അധിക വളർച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നുവർഷം മുൻപ് തനത് നികുതി വരുമാനം 47000 കോടിയായിരുന്നത് 81000 കോടിയായി വർധിച്ചു. മൊത്തം തനത് വരുമാനം 55000 കോടിയിൽ നിന്ന് 104000 കോടിയായി ഉയർന്നു. പൊതുകടവും ആഭ്യന്തരഉൽപാദനവും തമ്മിലുള്ള അന്തരം മുൻകാലങ്ങളെക്കാൾ കുറഞ്ഞു. ആഭ്യന്തര ഉത്പാദനം വളർച്ച 2016ലെ 5,60,000 കോടിയിൽ നിന്ന് 13,11,000 കോടിയായി വർധിച്ചു. റിസർവ് ബാങ്ക് കണക്ക് പ്രകാരം പ്രതിശീർഷ വരുമാനം 2016 ൽ 1,48,000 കോടിയായിരുന്നത് 2,28,000 കോടിയായി ഉയർന്നു.

ഐ.ടി. രംഗത്തെ വലിയ പുരോഗതി സംസ്ഥാനത്തെ യുവജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്താദ്യമായി ടെക്‌നോപാർക്ക് സ്ഥാപിച്ചത് കേരളത്തിലാണെങ്കിലും തുടർന്ന് പുരോഗതി ഉണ്ടായില്ല. എന്നാൽ, കഴിഞ്ഞ വർഷങ്ങളിലായി വൻ നേട്ടമാണുണ്ടായത്. 2016ൽ 640 കമ്പനികളുണ്ടായിരുന്നസ്ഥാനത്ത് ഇപ്പോൾ 1106 എണ്ണമായി. ഐ.ടി. മേഖലയിൽ 2016 ൽ 78,000 തൊഴിലവസരങ്ങളുണ്ടായിരുന്നത് നിലവിൽ 1,48,000 ആയി. മൊത്തം ഐ.ടി. കയറ്റുമതി 34,000 കോടി രൂപയിൽ നിന്ന് ഇപ്പോൾ 90000 കോടി രൂപയായി. കേരളത്തിലെ സ്റ്റാർട്ടപ്പുകളുട പ്രധാന കേന്ദ്രമായാണ് വിശേഷിപ്പിക്കുന്നത്. 3000 സ്റ്റാർട്ടപ്പുകളുണ്ടായിരുന്നത് നിലവിൽ 6300 ആയി വർധിച്ചു. 5800 കോടി രൂപയാണ് സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം. 2026 ആകുമ്പോൾ 15000 സ്റ്റാർട്ടപ്പുകളിലൂടെ ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ആധുനിക വിജ്ഞാനോത്പാദനത്തിന്റെ കേന്ദ്രമായി കേരളം മാറുകയാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റവും ഉന്നതവിദ്യാഭ്യാസ രംഗം കൂടുതൽ ശക്തിആർജിച്ചതും മാതൃകാപരമാണ്. ദേശീയ റാങ്കിങ് പട്ടികയിൽ രാജ്യത്തെ മികച്ച 100 കോളജുകളിൽ 16 എണ്ണം കേരളത്തിലേതാണ്. കേരള, കൊച്ചിൻ, എം.ജി മികച്ച റാങ്കുകൾ ലഭിച്ച സർവകലാശാലകളാണ്. രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, ഡിജിറ്റൽ സയൻസ് പാർക്ക്, ഗ്രാഫീൻ ഇന്നൊവേഷൻ സെന്റർ, ഇൻസ്റ്റിട്ട്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി തുടങ്ങിയവ മികച്ച സംഭാവനകളാണ്. ആയുർവേദ രംഗത്ത് ഗവേഷണംപ്രോത്സാഹിപ്പിക്കുന്നതിന് അന്താരാഷ്ട്ര ആയുർവേദ റിസർച്ച് സെന്റർ വരുന്നു. മൂന്ന് സയൻസ് പാർക്കുകൾ നിലവിൽ വന്നു.

വ്യവസായസൗഹൃദ അന്തരീക്ഷത്തിലും കേരളം മുന്നിലാണ്. കൊച്ചിയിൽ സംഘടിപ്പിച്ച വ്യവസായ നിക്ഷേപകസംഗമത്തിൽ ഒന്നരലക്ഷം കോടിയുടെ നിക്ഷേപ താൽപര്യപത്രങ്ങളാണ് ലഭിച്ചത്.


ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. പൊതുവിതരണ രംഗം ശക്തിപ്പെടുത്തിയതിലൂടെയാണ് നേട്ടം കൈവരിക്കാനായത്. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവുള്ളതും ഇവിടെയാണ്. ക്രമസമാധാന നിലയും ഭദ്രം. ലൈഫ് മിഷൻ പദ്ധതിയിലൂടെ നാലര ലക്ഷം വീടുകളാണ് പൂർത്തിയാക്കിയത്. ബാക്കി വീടുകൾകൂടി ഉടൻപൂർത്തിയാകും. 2025 നവംബർ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും.

ആരോഗ്യമേഖലയിൽ 73 ലക്ഷം ആളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കി. കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി വഴി 2762 കോടിയുടെ സൗജന്യ ചികിത്സ ലഭ്യമാക്കി. 2016ൽ ബജറ്റ് വിഹിതം 665 കോടിയിൽ നിന്നും 2500 കോടിയായി ഉയർത്താൻ സാധിച്ചു.

ക്ഷേമപെൻഷൻ 1600 രൂപയാക്കി വർധിപ്പിച്ചു. കുടിശിക തുക മുഴുവൻ കൊടുത്തുതീർത്തു. ഒൻപതു വർഷത്തിനിടെ നാലുലക്ഷത്തിലധികം പട്ടയങ്ങളാണ് വിതരണം ചെയ്തത്.


അർഹമായ വിഹിതം തടയുമ്പോഴും ഈ പ്രവർത്തനങ്ങൾക്കെല്ലാം തുണയായത് സംസ്ഥാനത്തിന്റെ തനതുവരുമാനത്തിൽ ഉണ്ടായ വലിയ വളർച്ചയാണ്. 2016ൽ 26 ശതമാനമായിരുന്ന തനതുവരുമാനം നിലവിൽ 70 ശതമാനമായി വളർന്നു. 2016ൽ രണ്ടു ശതമാനം മാത്രമായിരുന്ന കാർഷികരംഗത്തെ വളർച്ചാനിരക്ക് ഇപ്പോൾ 4.64 ശതമാനമായി. 1,76,000 ഹെക്ടർ കൃഷി നിലവിൽ 2,23,000 ഹെക്ടറിലായി. നെല്ല് ഉല്പാദനക്ഷമത 4.56 ടണ്ണായി വർധിപ്പിച്ചു. നാടിന്റെ ഇത്തരം വികസനചിത്രങ്ങളാണ് നാടറിയേണ്ടതെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അധ്യക്ഷനായി. വികസനതുടർച്ച അതിപ്രധാനം. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനം മറ്റെങ്ങുമില്ലാത്തവിധം മുന്നിലെത്തി. കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴി വരികയാണ്. വിഴിഞ്ഞം വന്നുകഴിഞ്ഞു. അതിന്റെ ഗുണം കൊല്ലം തുറമുഖത്തിനും കിട്ടും. നഗരത്തിൽ ഐ.ടി പാർക്ക് നിർമാണം തുടങ്ങുകയാണ്. ഇതെല്ലാം ജനങ്ങളുടെകൂടി അഭിലാഷം കണക്കിലെടുത്താണ് നടപ്പിലാക്കുന്നത്-അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ.ബി ഗണേഷ്‌കുമാർ, എം എൽ എമാരായ എം മുകേഷ്, എം നൗഷാദ്, ഡോ. സുജിത്ത് വിജയൻ പിള്ള, ജി എസ് ജയലാൽ, കോവൂർ കുഞ്ഞുമോൻ, പി എസ് സുപാൽ, മേയർ ഹണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ രാചമന്ദ്രൻ, ടൂറിസം സെക്രട്ടറി കെ. ബിജു, ജില്ലാ കലക്ടർ എൻ. ദേവിദാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൽ ഹേമന്ത് കുമാർ എന്നിവർ പങ്കെടുത്തു. സർക്കാരിന്റെ ക്ഷേമപദ്ധതി ഗുണഭോക്താക്കൾ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, പ്രൊഫഷനലുകളും വിദ്യാർഥികളുമുൾപ്പടെ സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളുടെ പ്രതിനിധികളായ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്.