ആശ്രാമത്തിലേക്കു വരൂ ; സൗജന്യമായി ആരോഗ്യമറിഞ്ഞു മടങ്ങാം

ജീവിത ശൈലി രോഗങ്ങൾ കണ്ടെത്താനുള്ള സൗജന്യ പരിശോധനകൾക്കും ആരോഗ്യ മേഖലയിലെ പദ്ധതികളെയും സേവനങ്ങളെയും ആഴത്തിലറിയാനുമുള്ള അവസരവുമായി ആശ്രാമം മൈതാനിയിലെ കൊല്ലം@75 പ്രദർശന വിപണനമേളയിലെ ആരോഗ്യ, ആയുർവേദ ഹോമിയോ വകുപ്പുകളുടെ സ്റ്റാളുകൾ.
ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുടെ പരിശോധനകൾ സൗജന്യമായി നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസിന്റെ സ്റ്റാളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ശരീരഭാരസൂചികയുടെ ( ബോഡി മാസ് ഇൻഡക്സ് ) അടിസ്ഥാനത്തിലാണോ നിങ്ങളുടെ തൂക്കം എന്നറിയാനും ഇവിടെ അവസരമുണ്ട്.
എയ്ഡ്സ് പ്രതിരോധം, മൃതസഞ്ജീവനി ടെലി മെഡിസിൻ സേവനം, കുട്ടികളിലെ ഹൃദയസംബന്ധമായ രോഗങ്ങൾ കണ്ടെത്തുന്നതിനായുള്ള ഹൃദ്യം പ്രോജക്ട്, ദേശീയ ദന്ത സംരക്ഷണ പരിപാടി, ബധിരത നിയന്ത്രണം, ദിശ ഹെൽപ്പ് ലൈൻ തുടങ്ങി ആരോഗ്യ മേഖലയിലെ നിരവധി പദ്ധതികളുടെയും സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സ്റ്റാളിൽ ലഭ്യമാണ്.
കായിക ഇനങ്ങളിൽ പരുക്കേൽക്കുന്ന കുട്ടികൾക്കുള്ള ആയുർവേദ ചികിത്സ, ജില്ലാ ആയുർവേദ ആശുപത്രിയും ജില്ലാ പഞ്ചായത്തും ചേർന്ന് വയോധികർക്കായി നൽകിവരുന്ന ആയുർപാലിയം തുടങ്ങിയ പദ്ധതികളെപ്പറ്റി ആയുർവേദ സ്റ്റാളിൽ നിന്നറിയാം.
ക്ഷാരസൂത്ര ക്ലിനിക്കിന്റെ നേതൃത്വത്തിൽ വെരിക്കോസ് വെയ്ൻ, വൃണം, പൈൽസ് തുടങ്ങിയവയ്ക്കുള്ള പ്രത്യേക പരിശോധന, അട്ടയെ ഉപയോഗിച്ച് രക്തദൂഷ്യത്തിനുള്ള ചികിത്സ തുടങ്ങിയ വിവിധ തരം ചികിത്സകളെക്കുറിച്ചുള്ള വിശദാംശങ്ങളും ഈ സ്റ്റാളിൽ ലഭിക്കും.
കുട്ടികളിലെ പഠന വൈകല്യനിവാരണത്തിനുള്ള സദ്ഗമയ, അലർജി രോഗശാന്തി നൽകാനുള്ള സ്വാസ്ഥ്യം, ലഹരി വിമുക്തിക്ക് പുനർജനി, വന്ധ്യത നിവാരണത്തിനുള്ള ജനനി തുടങ്ങി നിരവധി പദ്ധതികളും അവയിലൂടെ ലഭ്യമാവുന്ന സേവനങ്ങളും അറിയാൻ
ഹോമിയോ വിഭാഗത്തിന്റെ സ്റ്റാളിൽ അവസരമൊരുക്കിയിട്ടുണ്ട്. ഇവ വായിച്ചു മനസിലാക്കി ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നവർക്ക് മരുന്നുകൾ സൗജന്യമായി നൽകുന്ന ആകർഷണീയമായ പരിപാടിയും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
സന്ധിവാതത്തിനും മുടികൊഴിച്ചിലിനുമുള്ള ഹോമിയോ മരുന്നുകളുടെ വിതരണവും സ്റ്റാളിലെത്തി രോഗലക്ഷണങ്ങൾ പറയുന്നവർക്ക് തേവള്ളി ജില്ലാ ആശുപത്രിയിൽ നിന്നു സേവനങ്ങൾ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആവണക്ക് , മഞ്ഞൾ, എരിക്ക്, നീർ മരുന്ന്, തൂജ , ശംഖ്പുഷ്പം തുടങ്ങി ഹോമിയോ മരുന്നുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന ചെടികളും അവയുടെ വിത്തുകളും നേരിട്ട് കാണാൻ ഉള്ള അവസരവും സ്റ്റാളിലുണ്ട്.