'കൊല്ലവർഷ'ങ്ങളുടെ രേഖപ്പെടുത്തലുമായി കൊല്ലം @75 പി ആർ ഡി തീം സ്റ്റാൾ

post

കൊല്ലത്തിന്റെ പഴമയും പെരുമയും പുതുമയും കൺമുന്നിൽ നിറയുന്ന കാഴ്ചകളുമായി ആശ്രാമം മൈതാനിയിയിലെ കൊല്ലം @75 പ്രദർശന വിപണ മേളയിലെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ തീം സ്റ്റാൾ. പ്രദർശനവേദിയുടെ പ്രവേശന കവാടം കടന്നാലുടൻ തന്നെ കൊല്ലത്തിന്റെ ഗരിമ വിവരിച്ചു കൊണ്ടുള്ള 1500 ചതുരശ്ര അടിയുള്ള തീം ഏരിയയാണ് സന്ദർശകരെ വരവേൽക്കുന്നത്. കൊല്ലത്തിന്റെ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക, കലാ രംഗത്തെ ചരിത്രവും വർത്തമാനവും രേഖപ്പെടുത്തിയുള്ള എൽ.ഇ. ഡി, സ്മാർട്ട് സ്‌ക്രീൻ പ്രദർശനങ്ങളാണ് വേദിയെ ആകർഷണവും വിജ്ഞാനദായകവും കൗതുക പൂർണവുമാക്കുന്നത്.

പൂർണമായും എൽ ഇ ഡി സ്‌ക്രീനുകളാൽ നിർമിതമായ പ്രവേശന കവാടത്തിൽ കൊല്ലം ജില്ലയുടെ പ്രധാനപ്പെട്ട സ്ഥലങ്ങൾ മിന്നി മറയും. തൊട്ടടുത്ത് ഗോളാകൃതിയിൽ ഒരുക്കിയ ദൃശ്യങ്ങളിൽ കൊല്ലത്തിന്റെ കലാമേഖലയെ ധന്യമാക്കിയ ഒഎൻവിയും ജയനും സദാശിവനും പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ പുനലൂർ തൂക്കുപാലവും ജഡായു പാറയും കണ്ണറ പാലവുമെല്ലാം നിറഞ്ഞു നിൽക്കുന്നു. കൊല്ലത്തിന്റെ പെരുമ വിളിച്ചറിയിക്കുന്ന പബ്ലിക് ലൈബ്രറി, ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി, ശക്തികുളങ്ങര ഹാർബർ, ലൈറ്റ് ഹൗസ്, കൊല്ലം ബൈപ്പാസ്, തെന്മല ഡാം, ടൈറ്റാനിയം തുടങ്ങിയ കൊല്ലത്തിന്റെ ബിംബങ്ങൾ,കൊല്ലത്തെ പറ്റി മാർക്കോ പോളോയും ഇബ്ൻ ബത്തൂത്തയും രേഖപ്പെടുത്തിയ ചരിത്രപ്രസിദ്ധമായ വാക്കുകളും 2018ലെ പ്രളയകാലത്ത് കേരളത്തെ രക്ഷിച്ച മത്സ്യ തൊഴിലാളികളുടെ കൊല്ലം മോഡലും വേലുത്തമ്പി ദളവയുടെ 1809 ൽ നടന്ന കുണ്ടറ വിളംബരവും കൊല്ലത്തിന്റെ ചരിത്രത്തിൽ നിറയുന്നു.

ജില്ലയുടെ രൂപീകരണകാല മുതലുള്ള ചരിത്രം, കൊല്ലവും കൊല്ലവർഷവും തമ്മിലുള്ള ബന്ധം, പറങ്കികൾക്കും ഡച്ചുകാർക്കും കൊല്ലവുമായുള്ള ബന്ധം, കൊല്ലത്തെ പ്രധാനപ്പെട്ട ഭരണാധികാരികൾ എല്ലാം തന്നെ സെൻസർ ഉപയോഗിച്ചുകൊണ്ടുള്ള പീലിംഗ് ബുക്കിലൂടെ വായിക്കാൻ കഴിയും.

നാടക പ്രസ്ഥാനത്തിനു കരുത്ത് പകർന്ന കൊല്ലത്തിന്റെ പ്രധാനമുഖങ്ങളായ പി ജെ ആന്റണി, രാജഗോപാലൻ നായർ, വയലാർ രാമവർമ്മ, തോപ്പിൽ ഭാസി, ഒ മാധവൻ, കെപിഎസി ലളിത , കെപിഎസി സുലോചന വിജയകുമാരി അമ്മ സാംസ്‌കാരിക തനിമയ്ക്ക് മാറ്റുകൂട്ടിയ അഴകത്ത് പത്മനാഭ കുറുപ്പ്, കെസി കേശവപിള്ള, ഓച്ചിറ ശങ്കരൻകുട്ടി, ഓയൂർ കൊച്ചു ഗോവിന്ദൻപിള്ള, മടവൂർ വാസു ദേവൻ നായർ, ചവറ പാറുക്കുട്ടി, കലാമണ്ഡലം ഗംഗ, കലാമണ്ഡലം ഗംഗാധരൻ, തോന്നയ്ക്കൽ പീതാംബരൻ, കലാമണ്ഡലം രാജശേഖരൻ, ഫാക്ട് ചന്ദ്രശേഖരൻ, കലാമണ്ഡലം രതീഷൻ, കൊട്ടാരക്കര ഭദ്ര എന്നിവർ എൽഇഡി സ്‌ക്രീനുകളിൽ നിറഞ്ഞുനിൽക്കുന്നു.

കഥാപ്രസംഗ കലാകാരൻ സാംബശിവൻ, കായിക രംഗത്തെ പ്രമുഖ വ്യക്തികളായ ജി രവീന്ദ്രൻ നായർ, ഡി ചന്ദ്രലാൽ, പോളച്ചിറ രാമചന്ദ്രൻ, ജിൻസൺ വർഗീസ്, ടിസി യോഹന്നാൻ, ഡി സുരേഷ് ബാബു ,കെ കെ ഗോപാലകൃഷ്ണൻ, കൃഷ്ണ അജയൻ , ടൈറ്റസ് കുര്യൻ ടിനു യോഹന്നാൻ എന്നു തുടങ്ങി നിരവധി പ്രമുഖരുടെ അടയാളപ്പെടുത്തൽ കൂടിയാവുകയാണ് തീം സ്റ്റാൾ.

ജില്ല തുടങ്ങിയകാലം മുതലുള്ള പ്രധാനപ്പെട്ട മന്ത്രിമാർ, അവരുടെ വകുപ്പുകൾ, ഭരണകാലയളവ്, നിലവിലെ മന്ത്രിമാർ,അവരുടെ വിവരങ്ങൾ തുടങ്ങിയവ ലഭ്യമാക്കുന്ന ഫ്ലക്സ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

താലൂക്കുകൾ,കൃഷി,ഭൂമിശാസ്ത്രം ,വനമേഖല, കാലാവസ്ഥ, ജലസമ്പത്ത്,വിനോദസഞ്ചാര മേഖല തൊഴിൽ,വ്യവസായം എന്നിങ്ങനെ കൊല്ലത്തെ അറിയാനുള്ള എല്ലാ വിവരങ്ങളും ഞൊടിയിടയിൽ ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേയിലൂടെ വിരൽ തുമ്പിൽ ലഭ്യമാവും. ക്വിസ് സോൺ എന്ന പേരിൽ കൊല്ലത്തെകുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനായി ടാബുകൾ സജ്ജമാക്കിയിട്ടുണ്ട് . ഫോൺ നമ്പർ എന്റർ ചെയ്തു ശരിയുത്തരം രേഖപ്പെടുത്തി വിജയികളാകുന്നവർക്ക് നറുക്കെടുപ്പിലൂടെ ആകർഷണീയമായ സമ്മാനവും നൽകുന്നുണ്ട്.