സുരക്ഷാ പാഠങ്ങളുമായി അഗ്നിശമനസേന

post

കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനിയിൽ നടക്കുന്ന കൊല്ലം @ 75 പ്രദർശന വിപണന മേളയിൽ സുരക്ഷയുടെ പാഠങ്ങളുമായി അഗ്നിസുരക്ഷ സേന. അപകടങ്ങളിൽ നിന്നും എങ്ങനെ രക്ഷപ്പെടാം, അപകടം എങ്ങനെ ഒഴിവാക്കാം തുടങ്ങി നിത്യജീവിതത്തിൽ നേരിടേണ്ടി വരുന്ന അപകട സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവുകൾ നൽകുന്ന സ്റ്റാളാണ് ഒരുക്കിയിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ അഗ്‌നിശമന രക്ഷാസേന ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ജലാശയങ്ങളിൽ ഉപയോഗിക്കുന്ന സ്‌കൂബ സ്യൂട്ട്, ശീതികരണ സൗകര്യമുള്ള കൂളിംഗ് ഹെൽമറ്റ്, ഷൂ, തീ അണയ്ക്കാനുപയോഗിക്കുന്ന വിവിധയിനം ബ്രാഞ്ച് പൈപ്പുകൾ, തുടങ്ങിയവയും പരിചയപ്പെടുത്തുന്നു. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌പ്രൈസർ വിത്ത് ഇലക്ട്രിക് കട്ടർ, അഗ്‌നി ശമന ഉപകരണങ്ങളായ സി ഒ ടു എക്സ്റ്റിംഗ്യൂഷർ, ഡി സി പി എക്സ്റ്റിംഗ്യൂഷർ, ബൂസ്റ്റർ പമ്പ്, ഫ്ലാറ്റ് സ്‌പ്രേ, ബ്രീത്തിങ് അപാരറ്റസ് തുടങ്ങി ജലാശയ അപകടങ്ങളെ തരണം ചെയ്യാൻ സേന ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ പ്രദർശനം സന്ദർശകർക്ക് കൗതുകം ഉണർത്തുന്നതാണ്.