സ്‌കൂളുകളില്‍ പരിശോധന; സ്‌കൂള്‍ തുറക്കുന്നതിന് അനുകൂല സാഹചര്യം; ജില്ലാ കലക്ടര്‍

post

കൊല്ലം: ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നതിന് അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കോവിഡ് പശ്ചാത്തലത്തില്‍ നടത്തിയ തയ്യാറെടുപ്പുകള്‍ വിലയിരുത്തുകയായിരുന്നു കലക്ടര്‍.

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കൊപ്പം എയിഡഡ്, അണ്‍ എയിഡഡ് സ്‌കൂളുകളിലും പരിശോധന നടത്തി. കാടു വെട്ടിത്തെളിച്ച് പരിസരം സുരക്ഷിതമാക്കിയ നിലയിലാണ് സ്‌കൂളുകള്‍. ശുചിമുറികളുടെ പരിപാലനവും തൃപ്തികരം. ക്ലാസുകള്‍ അണുവിമുക്തമാക്കി വൃത്തിയാക്കിയിട്ടുണ്ട്.

കോവിഡ് മാനദണ്ഡപാലനം എല്ലാ സ്‌കൂളുകളിലും ഉറപ്പാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് കുട്ടികളുടെ ഇരിപ്പിടങ്ങളില്‍ നിശ്ചിത അകലം ഉണ്ടാകണം. സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ തുടങ്ങിയവ ഉറപ്പാക്കണം. കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കണം. ഉല്ലാസകരമായ അന്തരീക്ഷം സൃഷ്ടിച്ച് അധ്യയന ദിനങ്ങളില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും സൗകര്യങ്ങള്‍ വിലയിരുത്തി പ്രധാനാധ്യാപകരുമായി ആശയവിനിമയം നടത്തിയ ശേഷം കലക്ടര്‍ നിര്‍ദ്ദേശിച്ചു.  വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍, സൂപ്രണ്ട് മധുലാല്‍ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.