മഴക്കെടുതി നേരിടാന്‍ സുസജ്ജം; ജില്ലാ കലക്ടര്‍

post

കൊല്ലം: കനത്ത മഴയെ തുടര്‍ന്നുള്ള ദുരിതങ്ങള്‍ നേരിടാന്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ അറിയിച്ചു.

വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിലും നിലവില്‍ വെള്ളം കയറിയ ഇടങ്ങളിലും പ്രത്യേക സഹായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. അതത് മേഖലയിലെ തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തിയാണ് പ്രവര്‍ത്തനം. ആവശ്യമായ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ തുറക്കുകകയാണ്. കോവിഡ് മാനദണ്ഡ പ്രകാരമാണ് ഇവ പ്രവര്‍ത്തിക്കുക.

കിഴക്കന്‍ മേഖലയില്‍ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇവിടെ പൊലിസ്, അഗ്‌നിരക്ഷാ സേന എന്നിവയുടെ നേതൃത്വത്തിലും റവന്യു, പഞ്ചായത്ത് വകുപ്പുകളുടെ സഹായത്തിലുമാണ് അടിയന്തര സഹാവും ഗതാഗത ക്രമീകരണവും നടത്തുന്നത്. പലയിടത്തും വീടുകള്‍ തകര്‍ന്നു. മണ്ണിടിച്ചില്‍- വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ പ്രത്യേക നിരീക്ഷണത്തിലാണ്.

മണ്ണിടിച്ചില്‍ അടക്കമുള്ള അടിയന്തര സാഹചര്യം നേരിടാന്‍ ജെ. സി. ബി, ക്രെയിന്‍ ഓപ്പറേറ്റര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങിയവരെ സജ്ജമാക്കി. തീരദേശ മേഖലയില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ കടലോര ജാഗ്രത സമിതി, കോസ്റ്റല്‍ പോലീസ് എന്നിവയ്ക്ക് നിര്‍ദേശം നല്‍കി.

ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തെ•ല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി. നിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഘട്ടംഘട്ടമായി 40 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തേണ്ടി വരും. തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. അപകടമേഖലയിലുള്ളവര്‍ അടുത്തുള്ള ദുരിതാശ്വാസ കേന്ദ്രത്തിലോ ബന്ധുവീടുകളിലേക്കോ മാറണം.

പള്ളിക്കല്‍, കല്ലട, ഇത്തിക്കരയാറുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. തീരവാസികള്‍ സ്ഥിതിഗതിക്കനുസൃതമായി അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം.  കിഴക്കന്‍ മേഖലയിലെ പാതയോരങ്ങളില്‍ അപകടാവസ്ഥയില്‍ തുടരുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.  

ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് മരുന്ന് ഉറപ്പാക്കാന്‍ ഡി. എം. ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡ് പരിശോധനയുടെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ക്യാമ്പുകളില്‍ മാത്രമായി ആന്റിജന്‍ പരിശോധനയും നടത്തും. ഇവിടങ്ങളില്‍ വാക്സിനേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തി. പനി ലക്ഷണമുള്ളവര്‍ക്ക് പ്രത്യേക സൗകര്യമാണ് ഒരുക്കുന്നത്.

മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം കര്‍ശനമായി പാലിക്കുന്നുവെന്ന് ഫിഷറീസ് വകുപ്പ് ഉറപ്പാക്കണം. കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടി തിരച്ചില്‍ തുടരും.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണയെ ചുമതലപ്പെടുത്തി. പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണവും പുരോഗതിയും എ. ഡി. എം. എന്‍. സാജിതാ ബീഗമാണ് വിലയിരുത്തേണ്ടത്. സിറ്റി പൊലിസ് കമ്മിഷണര്‍ ടി. നാരായണന്‍, റൂറല്‍ എസ്. പി. കെ. ബി. രവി എന്നിവര്‍ക്കാണ് ഗതാഗത നിയന്ത്രണം ഉള്‍പ്പടെ അടിയന്തരഘട്ട പ്രതികരണ ചുമതല. കിഴക്കന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍. ഡി. ഒ ബി. ശശികുമാറിനെ നിയോഗിച്ചു. ഇതര വകുപ്പ് മേധാവികളും റവന്യു ഉദ്യോഗസ്ഥരും ചേര്‍ന്ന് മഴദുരിതത്തെ നേരിടാന്‍ വിവിധ ദൗത്യങ്ങളില്‍ ഏര്‍പ്പെടുമെന്നും കലക്ടര്‍ വ്യക്തമാക്കി.