ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ മാനദണ്ഡ പാലനം കര്‍ശനമാക്കും

post

കൊല്ലം: രോഗവ്യാപനം നിയന്ത്രണവിധേയം ആക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനാനുമതി ഉള്ള പ്രദേശങ്ങളിലെ ബിവറേജസ് ഔട്ട്ലെറ്റുകളില്‍ മാനദണ്ഡപാലനം കര്‍ശനമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിച്ചത്. പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥരുടെയും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെയും നേതൃത്വത്തില്‍ ഔട്ട്ലറ്റുകളില്‍ കര്‍ശന പരിശോധന നടത്താനും നിര്‍ദേശമുണ്ട്. ആവശ്യമായ ജീവനക്കാരെ  വിന്യസിച്ച് കൂടുതല്‍ കൗണ്ടറുകള്‍ സാമൂഹ്യ അകലം ഉറപ്പുവരുത്തി ക്രമീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.

വീടുകളില്‍ നിന്നുള്ളരോഗവ്യാപനം സാധ്യത ഇല്ലാതാക്കുന്നതിന്  ഡി.സി.സി. സംവിധാനം പ്രയോജനപ്പെടുത്തുന്നത് കാര്യക്ഷമമാക്കണം. കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും പരിസര ശുചിത്വം നിര്‍ബന്ധമായും പാലിക്കുകയും വേണം, കലക്ടര്‍ വ്യക്തമാക്കി. രോഗവ്യാപനം നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന്‍, അസിസ്റ്റന്റ് കലക്ടര്‍ ഡോ. അരുണ്‍ എസ്.നായര്‍, ഡി.എം.ഒ.ഡോ. ആര്‍.ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.