വികസന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ.എന്‍. ബാലഗോപാല്‍

post

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന്  ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കുളക്കട പഞ്ചായത്തിലെ വിവിധ വികസന പദ്ധതികളുടെ നിര്‍മാണ പുരോഗതി മന്ത്രി നേരിട്ടെത്തി വിലയിരുത്തി.

കുളക്കട-ഇളങ്ങമംഗലം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലടയാറ്റിനു കുറുകെയുള്ള തൂക്ക് നടപ്പാലം മന്ത്രി സന്ദര്‍ശിച്ചു. പാലം നവീകരിക്കുന്നതിന്  ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കെല്ലുമായി ആലോചിച്ചു നടപ്പാലം ശക്തിപ്പെടുത്തിയുള്ള നവീകരണം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. താഴത്തുകുളക്കട ചെട്ടിയാരഴികത്ത് പാലത്തിന്റെ നിര്‍മാണ പുരോഗതിയും മന്ത്രി വിലയിരുത്തി. കാര്‍ഷിക-സഹകരണ മേഖലയുടെ   സഹായത്തോടെ വലിയ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിനായി സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ അഗ്രി ബിസിനസ്  ആരംഭിക്കുന്നതിന് 2000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൃഷിക്കാര്‍ക്ക് ന്യായവില, ഉത്പന്നങ്ങള്‍ക്ക് വിപണി എന്നിവ ലഭ്യമാകുന്ന തരത്തിലായിരിക്കും പദ്ധതികള്‍ നടപ്പിലാക്കുക.

പുത്തൂര്‍മുക്ക് സര്‍ക്കാര്‍ എല്‍.പി.സ്‌കൂള്‍, കുളക്കട സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിച്ചു നിര്‍മിക്കുന്ന ബഹുനില കെട്ടിടങ്ങളുടെ നിര്‍മാണ പുരോഗതിയും മന്ത്രി വിലയിരുത്തി. നൂറു ദിന പദ്ധതികളുടെ ഭാഗമായി കെട്ടിടങ്ങളുടെ പണി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. കുളക്കട അസാപ് സ്‌കില്‍ പാര്‍ക്കിലെ  പ്രവര്‍ത്തന പുരോഗതിയും വികസന പദ്ധതികളും മന്ത്രി അവലോകനം ചെയ്തു. നൈപുണ്യ വികസന രംഗത്ത് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന  അടിസ്ഥാന-അക്കാദമിക തലത്തിലുള്ള വികസനത്തിന് പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. മുന്‍ എം.എല്‍.എ  പി. അയിഷാപോറ്റി, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ടി. ഇന്ദു കുമാര്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.