നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ തെരഞ്ഞെടുപ്പ് യന്ത്രങ്ങളുടെ പരിശോധന തുടങ്ങി

post

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് ജില്ലയില്‍ തെരഞ്ഞെടുപ്പ് യന്ത്രങ്ങളുടെ പരിശോധനകള്‍ ആരംഭിച്ചു. വെള്ളയിലെ സെന്‍ട്രല്‍ വെയര്‍ ഹൗസിങ് ഗോഡൗണില്‍ പ്രത്യേകം സജ്ജീകരിച്ച കേന്ദ്രത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി. ജനില്‍കുമാറിന്റെ മേല്‍നോട്ടത്തിലാണ് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധനകള്‍ നടക്കുന്നത്. 4,400 വീതം കണ്‍ട്രോള്‍ ബാലറ്റ് യൂണിറ്റുകളും 4,700 വിവി പാറ്റ് യന്ത്രങ്ങളുമാണ് പരിശോധനക്കായി ഗോഡൗണിലെത്തിയത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞടുപ്പില്‍ ഉപയോഗിച്ച യന്ത്രങ്ങളാണ് ജില്ലയിലെത്തിച്ചത്. ഇവ കൂടാതെ 200 വീതം മെഷീനുകള്‍ ഇടുക്കി, പത്തനംത്തിട്ട ജില്ലകളില്‍ നിന്നുകൂടി അടുത്ത ദിവസം എത്തിക്കും. മുന്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ബാലറ്റ്, സീല്‍ എന്നിവ മാറ്റല്‍, യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമതാ പരിശോധന എന്നിവയാണ് നടക്കുന്നത്. 30ന്് തുടങ്ങിയ പ്രാഥമിക പരിശോധനയില്‍ തിങ്കളാഴ്ച വരെ 2000ത്തിലധികം യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. കണ്‍ട്രോള്‍ ബാലറ്റ് യൂണിറ്റുകളുടെ പരിശോധന പൂര്‍ത്തിയായി കഴിഞ്ഞ ശേഷമായിരിക്കും വിവി പാറ്റ് മെഷീനുകളുടെ പരിശോധന ആരംഭിക്കുക.

മുന്‍ തെരഞ്ഞെടുപ്പില്‍ യന്ത്രങ്ങളിലുണ്ടായിരുന്ന ബാലറ്റ് പേപ്പര്‍, ടാഗ്, പേപ്പര്‍ തുടങ്ങിയവ നീക്കം ചെയ്ത ശേഷം യന്ത്രം നിര്‍മ്മിച്ച കമ്പനിയില്‍ നിന്നുള്ള എഞ്ചിനിയര്‍മാര്‍ക്ക് കൈമാറും. ഇതിനായി 8 എഞ്ചിനിയര്‍മാരാണ് കേന്ദ്രത്തിലുള്ളത്. വീണ്ടും സെറ്റ് ചെയ്യുന്ന യന്ത്രം, എഞ്ചിനിയര്‍മാര്‍ പരിശോധിച്ച് പ്രവര്‍ത്തന ക്ഷമമായവ, 'മോക് പോള്‍' കൂടി നടത്തിയ ശേഷം ഗോഡൗണിലേക്ക് മാറ്റും. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കനുസൃതമായി ഇവിടെ നിന്ന് തന്നെയായിരിക്കും യന്ത്രങ്ങള്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറുക. ഉപയോഗ്യമല്ലാത്തവ യന്ത്രങ്ങള്‍ സമയബന്ധിതമായി കമ്പനിയിലേക്ക് തന്നെ തിരിച്ചയക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

റവന്യൂ, ഇലക്ഷന്‍ തുടങ്ങിയ വകുപ്പുകളില്‍ നിന്നടക്കമുള്ള മുപ്പതോളം പേരാണ് പരിശോധന കേന്ദ്രത്തില്‍ ജോലി ചെയ്യുന്നത്. കൃത്യമായ പൊലിസ് സുരക്ഷയും കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.