പോളിംഗ് സ്റ്റേഷനുകളില്‍ കോവിഡ് ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തില്‍

post

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ക്രമീകരണങ്ങള്‍  അന്തിമഘട്ടത്തില്‍. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പോളിംഗ് സ്റ്റേഷനുകള്‍ അണുവിമുക്തമാക്കി.  പോളിംഗ് ബൂത്തിന് മുന്‍പില്‍ വോട്ടര്‍മാര്‍ക്ക് സാമൂഹിക അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിന് ഒരുമീറ്റര്‍ അകലത്തില്‍ പ്രത്യേകം മാര്‍ക്ക് ചെയ്തു.

ഹരിതചട്ടം പൂര്‍ണമായും പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദ വസ്തുക്കളാണ് പോളിംഗ് ബൂത്തുകളില്‍ ഉപയോഗിക്കുക.

പോളിംഗ് കേന്ദ്രങ്ങളായ  സ്‌കൂളുകള്‍ കോവിഡിനെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞു കിടക്കുന്നതിനാല്‍ പരിസരം  കാടുവെട്ടി വൃത്തിയാക്കുന്നുണ്ട്.

പോളിംഗ് ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും അകത്ത് സാനിറ്റൈസറും ഒരുക്കുന്നുണ്ട്. കോവിഡ് പോസിറ്റിവ് ആയവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്തിക്കഴിഞ്ഞു.  

ഒരു പോളിംഗ് സ്റ്റേഷനില്‍ നാല് പോളിംഗ് ഉദ്യോഗസ്ഥരും ഒരു അറ്റന്‍ഡന്റും ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ് ഉണ്ടാവുക. ബൂത്ത് ഏജന്റ്മാരുടെ എണ്ണം പത്തില്‍ കൂടാന്‍ പാടില്ല. ഏജന്റ്മാരുടെ ഇരിപ്പിടം സാമൂഹ്യ അകലം പാലിച്ചാണ് ക്രമീകരിക്കുന്നത്.  സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ക്യു ഉണ്ടാവും. മറ്റുള്ളവര്‍ക്ക് പ്രത്യേക ക്യൂ നിര്‍ബന്ധമല്ല. പോളിംഗ് സ്റ്റേഷനില്‍ നിശ്ചിത ദൂരപരിധിക്ക് പുറത്ത് സ്ഥാനാര്‍ഥികളും മറ്റും സ്ലിപ്പ് വിതരണം നടത്തുന്നുണ്ടെങ്കില്‍ അവിടെ  വെള്ളം, സോപ്പ്, സാനിറ്റൈസര്‍ എന്നിവ കരുതണം.