പൊതുവിദ്യാലയങ്ങളിലൂടെ മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്താന്‍ സാധിച്ചു; മുഖ്യമന്ത്രി

post

കോഴിക്കോട്: പൊതുവിദ്യാലയങ്ങളിലൂടെ മതനിരപേക്ഷ ജനാധിപത്യ സമൂഹത്തെ ശക്തിപ്പെടുത്താന്‍ സാധിച്ചുവെന്നും ഇത് സ്ഥായിയായി നിലനിര്‍ത്തുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പുതുതായി നിര്‍മ്മിച്ച 46 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും വീഡിയോ കോണ്‍ഫറന്‍സിലൂടെ  നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന വലിയ കുതിച്ചുചാട്ടത്തിന്റെ തെളിവുകൂടിയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും ശിലാസ്ഥാപനവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.  പൊതു വിദ്യാലയങ്ങളില്‍ നിന്ന് അകന്നു പോയ ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ തിരികെ കൊണ്ടുവരാന്‍ സാധിച്ചു. പൊതുവിദ്യാലയങ്ങള്‍ മാതൃകകളാണെന്ന് സമൂഹം അംഗീകരിക്കുന്ന അവസ്ഥയിലേക്കെത്തി. സ്‌കൂളിലെ ഭൗതിക സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സാധിച്ചു.  പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സമൂഹത്തിലുണ്ടാക്കിയ ആത്മവിശ്വാസം വളരെ വലുതാണ്. അതിന്റെ പ്രതിഫലനമാണ് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിന് പകരം അഞ്ച് ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായി ചേര്‍ന്നത്.

വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ തന്നെ ആദ്യത്തെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സാധിച്ചു. അക്കാദമിക് കാര്യത്തിലും വലിയ മുന്നേറ്റമാണുണ്ടായത്. അതിന്റെ പ്രത്യക്ഷമായ തെളിവാണ് നീതി ആയോഗ് നടത്തിയ പഠനത്തില്‍ കേരളത്തിന് ലഭിച്ച ഒന്നാം സ്ഥാനം. ഇത്തരം നേട്ടങ്ങള്‍ നേടാന്‍ സാധിച്ചത് നാടിന്റെ സഹകരണത്തിന്റെയും ജനങ്ങളുടെ ഒരുമയുടെയും ഭാഗമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയില്‍ അത്തോളി ഗ്രാമപഞ്ചായത്തിലെ വേളൂര്‍ ജി.എം.യു.പി സ്‌കൂള്‍ കെട്ടിട ശിലാസ്ഥാപനമാണ് ചടങ്ങില്‍ നടന്നത്.  എസ്.എസ്.കെ ഫണ്ടായ 85 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.