സുഭിക്ഷ കേരളം : ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ മത്സ്യകൃഷി വിളവെടുത്തു

post

തിരുവനന്തപുരം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി   ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു. കൂടുതല്‍ ഗുണമേന്മയുള്ള മത്സ്യക്കുഞ്ഞുങ്ങളെ ടൈറ്റാനിയത്തിന് നല്‍കി മത്സ്യകൃഷി വിപുലപ്പെടുത്താന്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യ വിളവെടുപ്പ് മന്ത്രി  കമ്പനി ചെയര്‍മാന്‍ അഡ്വക്കേറ്റ് എ എ റഷീദിന് നല്‍കി. 244 കിലോഗ്രാം മത്സ്യമാണ് വിളവെടുത്ത് വിപണനം നടത്തിയത്. ഒരു കിലോഗ്രാം മത്സ്യത്തിന് 250 രൂപ നിരക്കിലായിരുന്നു വില്‍പന. പത്ത് ഏക്കറില്‍ പച്ചക്കറിയും രണ്ടു പടുതാക്കുളങ്ങളിലായി ആറായിരം മത്സ്യക്കുഞ്ഞുങ്ങളെയുമാണ് ടൈറ്റാനിയത്തില്‍ വളര്‍ത്തുന്നത്.  ഒന്നാമത്തെ കുളത്തില്‍ 2000 ഗിഫ്റ്റ് തിലാപ്പിയയും, 800 ഗ്രാസ്സും 100 കട്‌ലയും 100 രോഹുവുമാണുള്ളത്. രണ്ടാമത്തെ കുളത്തില്‍ മൂവായിരം ആസാം വാളയാണ് ഉള്ളത്. പദ്ധതിക്ക് ശാസ്ത്രീയമായ പരിപാലനവും ആവശ്യമായ നിര്‍ദ്ദേശങ്ങളും ഫിഷറീസ് വകുപ്പാണ് നല്‍കിയത്. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.