ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് അഞ്ചാം ലോക കേരള സഭ
ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് അഞ്ചാം ലോക കേരള സഭ. വിവിധ ലോകരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ചർച്ചകളിൽ സജീവമായി പങ്കെടുക്കുകയും നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു.
പശ്ചിമേഷ്യയും ആഫ്രിക്കയും മുതൽ അമേരിക്ക വരെയുള്ള ഇടങ്ങളിൽ നിന്നുള്ളവരും, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമായ പ്രവാസി പ്രതിനിധികൾ കേരളത്തിന്റെ വികസനത്തിനും പ്രവാസികളുടെ സുരക്ഷയ്ക്കുമായി വിപുലമായ നിർദ്ദേശങ്ങളാണ് മുന്നോട്ടുവെച്ചത്. പ്രവാസി ക്ഷേമനിധി വർദ്ധിപ്പിക്കുന്നത് മുതൽ വിദേശത്ത് കേരളത്തിന്റെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ സ്ഥാപിക്കുന്നത് വരെയുള്ള ആവശ്യങ്ങൾ ചർച്ചകളിൽ ഉയർന്നു വന്നു.
പശ്ചിമേഷ്യ: ഗൾഫ് മേഖലയിലെ പ്രവാസികൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളാണ് പശ്ചിമേഷ്യൻ രാജങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പ്രധാനമായും ചകർച്ചയാക്കിയത്. പ്രവാസി ക്ഷേമനിധി 3500 രൂപയിൽ നിന്നും 5000 രൂപയായി ഉയർത്തണം. കേരള സർക്കാർ മുൻകൈയെടുത്ത് വിദേശ രാജ്യങ്ങളിൽ ആർട്‌സ് ആൻഡ് സയൻസ് കോളേജുകൾ സ്ഥാപിക്കണം. പ്രവാസികളുടെ മക്കൾക്ക് പി.എസ്.സി സംവരണം നൽകണമെന്ന ആവശ്യവും ഉയർന്നു. ഗൾഫ് രാജ്യങ്ങളിൽ കേരളത്തിന്റെ ഹെൽത്ത് ടൂറിസം പ്രോത്സാഹിപ്പിക്കാൻ എംബസികളുമായി ചേർന്ന് പ്രവർത്തിക്കണം. കണ്ണൂർ എയർപോർട്ടിലെ മാതൃകയിൽ എല്ലാ വിമാനത്താവളങ്ങളിലും ഭക്ഷ്യസംസ്‌കരണ സംവിധാനം ഒരുക്കണം.
യൂറോപ്പും അമേരിക്കയും: യൂറോപ്പിലേക്കുള്ള കുടിയേറ്റം വർദ്ധിക്കുന്ന സാഹചര്യത്തിൽ വ്യാജ റിക്രൂട്ട്മെന്റുകളെ തടയണമെന്നതായിരുന്നു പ്രധാന ആവശ്യം. ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഭാഷാ പരീക്ഷകളുടെ വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ നോർക്ക ഇടപെടണം. ഒറ്റപ്പെടൽ അനുഭവിക്കുന്ന പ്രവാസികൾക്കായി നോർവേ മാതൃകയിൽ 'ഹ്യൂമൻ ലൈബ്രറി' പോലുള്ള പ്ലാറ്റ്ഫോമുകൾ ഒരുക്കണം.
ഒ.സി.ഐ കാർഡ് ഉടമകളെ കൂടി നോർക്ക കെയർ പദ്ധതിയിൽ ഉൾപ്പെടുത്തണം. പ്രവാസികളുടെ നാട്ടിലെ സ്വത്ത് സംരക്ഷണത്തിനും മാതാപിതാക്കളുടെ സുരക്ഷയ്ക്കും പ്രത്യേക പരിഗണന വേണം.
ഓസ്ട്രേലിയ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വർദ്ധിച്ചുവരുന്ന വിദ്യാർത്ഥി കുടിയേറ്റം ചർച്ചയായി. ഉയർന്ന ജീവിതച്ചെലവും ഒറ്റപ്പെടലും വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദമുണ്ടാക്കുന്നു.
ഓസ്ട്രേലിയയിൽ നിന്നുള്ള പ്രതിനിധികൾ ട്രേഡ് സ്‌കിൽ സർട്ടിഫിക്കേഷനായി പ്രത്യേക സംവിധാനവും നഴ്‌സിംഗ് കോഴ്‌സുകളുടെ കാലാവധി കുറയ്ക്കുന്നതും പരിഗണിക്കണമെന്നതുമായ ആവശ്യങ്ങൾ ഉന്നയിച്ചു.
ഇതര ഏഷ്യൻ രാജ്യങ്ങളും ആഫ്രിക്കയും: കേരളത്തിൽ നിന്ന് ചൈനയിലേക്കും ജപ്പാനിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യമുയർന്നു. യുനെസ്‌കോ സാഹിത്യ നഗരമായ കോഴിക്കോടിനെയും ആഫ്രിക്കയിലെ സാഹിത്യ നഗരങ്ങളെയും ബന്ധിപ്പിച്ച് 'കൾച്ചറൽ കോറിഡോർ' സ്ഥാപിക്കണമെന്നും നിർദേശമുയർന്നു.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾ: ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളികൾക്കും സാംസ്‌കാരികവും സാമൂഹികവുമായ പിന്തുണ വേണമെന്ന് ആവശ്യമുയർന്നു. ഡൽഹിയിലും കൊൽക്കത്തയിലും കേരളം സാംസ്‌കാരിക കേന്ദ്രങ്ങൾ സ്ഥാപിക്കണം. ഹൈദരാബാദ് - തിരുവനന്തപുരം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ വേണം. കേരളത്തിന്റെ പ്രീയപ്പെട്ട എഴുത്തുകാരൻ ഒ. വി. വിജയൻ അവസാനമായി താമസിച്ചിരുന്നത് ഹൈദരാബാദിൽ ആണ്. അദ്ദേഹത്തിന്റെ കൈയെഴുത്തുപ്രതികളും കാർട്ടൂണുകളും ശേഖരിച്ച് ഒ. വി. വിജയൻ സ്മാരകത്തിലേക്ക് മാറ്റാൻ സർക്കാർ ഇടപെടണം.
പാസ്പോർട്ട് പുതുക്കുന്നതിലെ അപാകതകൾ, വിമാന നിരക്ക് വർദ്ധനവ്, പ്രവാസി കുടുംബങ്ങളിലെ ഗാർഹിക പീഡനങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിവിധ സെഷനുകളിൽ ഗൗരവമായി ചർച്ച ചെയ്യപ്പെട്ടു. സ്ത്രീ പ്രവാസികൾക്കായി പ്രത്യേക ഓൺലൈൻ സപ്പോർട്ട് സിസ്റ്റം വേണമെന്ന നിർദ്ദേശവും സഭയിലുണ്ടായി.









