ലോക കേരള സഭ മറ്റ് സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കേരള മോഡൽ: സ്പീക്കർ

post

മറ്റു സംസ്ഥാനങ്ങൾക്ക് അവകാശപ്പെടാൻ സാധിക്കാത്ത കേരള മോഡൽ ആണ് ലോക കേരള സഭയെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ. നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന അഞ്ചാമത് ലോക കേരള സഭയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും കേരളത്തിന്റെ 'ലോക കേരള സഭ' മാതൃക പിന്തുടരണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. വളരെ ഫലവത്തായ ചർച്ചകളും ക്രിയാത്മകമായ നിർദ്ദേശങ്ങളും ഇത്തവണത്തെ ലോക കേരള സഭാ സമ്മേളനത്തിൽ ഉയർന്നുവന്നുവെന്നും സ്പീക്കർ പറഞ്ഞു.

മനുഷ്യരാശി എവിടെയെല്ലാമുണ്ടോ അവിടെ മലയാളിയുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ ഒരുമിച്ച് കൂടി അവരുടെ ആശങ്കകളും ആശയങ്ങളും പങ്കുവെക്കുകയും ചെയ്തു. കേരളത്തെ ഈ നിലയിലേക്ക് മാറ്റിയത് പ്രവാസികളുടെ അധ്വാനത്തിലൂടെ അവർ നേടിയ സമ്പാദ്യം നാട്ടിലേക്ക് അയച്ചപ്പോഴാണ്. കേരളത്തിന്റെ വളർച്ചയുടെ അടിസ്ഥാനശക്തി പ്രവാസ ലോകമാണ്.


വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്നവർ 17 മണിക്കൂറിലധികം വിമാനയാത്ര ചെയ്യേണ്ടി വരുന്നത് വലിയ വെല്ലുവിളിയാണ്. കണക്ടിവിറ്റി പ്രശ്‌നങ്ങളും നിരന്തരം ഉണ്ടാകുന്ന വിമാന നിരക്ക് വർധനയും പ്രവാസികളെ കാര്യമായി ബാധിക്കുന്നു. ഹൈക്ക് സീസണുകളിൽ നാട്ടിലേക്കുള്ള വിമാന നിരക്കുകൾ അതീവമായി ഉയരുന്നതിനാൽ, ആ ചെലവിൽ കുടുംബത്തോടൊപ്പം മറ്റ് രാജ്യങ്ങളിലേക്ക് യാത്ര പോകുന്നതാണ് മെച്ചമെന്ന അഭിപ്രായം പലരും പങ്കുവച്ചു. ഇത്തരം പ്രവാസി പ്രശ്‌നങ്ങളെല്ലാം ലോക കേരളസഭ ഗൗരവമായി പരിഗണിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി.

ഇത്തവണ 125 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ലോക കേരള സഭയിൽ പങ്കെടുത്തുവെങ്കിൽ, ആറാം പതിപ്പിൽ 150 രാജ്യങ്ങളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു. ഗാർഹിക തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, ഹോസ്പിറ്റാലിറ്റി മേഖല ജീവനക്കാർ, യുഎൻ ഉദ്യോഗസ്ഥർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, കലാ-സാഹിത്യ രംഗത്തെ പ്രവർത്തകർ, വിവിധ പ്രവാസി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സഭയിൽ പങ്കെടുത്തു. വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 150 പ്രതിനിധികളുടെ പങ്കാളിത്തവും ചെറിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യവുമാണ് സഭയുടെ ഗൗരവം വർദ്ധിപ്പിക്കുന്നതെന്ന് ലോക കേരള സഭാ ചെയർമാൻ കൂടിയായ സ്പീക്കർ പറഞ്ഞു.