സംസ്ഥാന തദ്ദേശദിനാഘോഷം ഫെബ്രുവരി 18 നും 19 നും ആന്തൂരില്‍

post

ഫെബ്രുവരി 13 മുതല്‍ 23 വരെ വിവിധ പരിപാടികള്‍

ഉദ്ഘാടനം മന്ത്രി എം.ബി.രാജേഷ്

സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

സംസ്ഥാന തദ്ദേശ ദിനാഘോഷം ഫെബ്രുവരി 18ന് ആന്തൂരില്‍ രാവിലെ ഒന്‍പത് മണിക്ക് കെഎപി ഗ്രൗണ്ടില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെഎപി ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്ളുടെ വിതരണവും മുഖ്യമന്ത്രി നിർവഹിക്കും. തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി 13 മുതല്‍ 19 വരെ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍, 21 മുതല്‍ 23 വരെ ഐ.എഫ്.എഫ്.കെ റീജിയണല്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവയും നടക്കുമെന്നും എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അതിദാരിദ്ര്യ നിര്‍മാര്‍ജനം മുതല്‍ കെ-സ്മാര്‍ട്ട്, ഡിജിറ്റല്‍ സാക്ഷരത വരെയുള്ള വിവിധ പദ്ധതികളുടെ വിലയിരുത്തലും ഭാവി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും പ്രതിനിധി സമ്മേളനത്തില്‍ നടക്കും. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി വിവിധ അക്കാദമിക് സെഷനുകളും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അധ്യക്ഷന്മാരും സെക്രട്ടറിമാരും രണ്ട് ദിവസങ്ങളിലായി നടക്കുന്ന തദ്ദേശ ദിനാഘോഷത്തില്‍ പങ്കാളികളാകും.

ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ഗവ. എൻജിനീയറിംഗ് കോളജ് ഗ്രൗണ്ടില്‍ ഫെബ്രുവരി 13 മുതല്‍ 19 വരെ വികസന എക്‌സിബിഷന്‍, കുടുംബശ്രീ ഇന്ത്യാ ഫുഡ് കോര്‍ട്ട്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിപണന സ്റ്റാളുകള്‍ എന്നിവ ഒരുക്കും. ഫെബ്രുവരി 14 മുതല്‍ 19 വരെ ഉച്ചകഴിഞ്ഞ് തദ്ദേശ സ്വയംഭരണ വകുപ്പിലെ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും കലാമത്സരങ്ങള്‍ നടക്കും. ഒപ്പന, തിരുവാതിര, ഗ്രൂപ്പ് നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളില്‍ കണ്ണൂര്‍ ജില്ലയിലെ കേരളോത്സവത്തില്‍ ബ്ലോക്ക്/മുനിസിപ്പല്‍ തലങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ടീമുകള്‍ക്കായുള്ള മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിഭാഗത്തില്‍ ജില്ലാതല കൈകൊട്ടിക്കളി മത്സരം, മെഹന്തി ഫെസ്റ്റ്, വിവിധ രചനാമത്സരങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.

ഫെബ്രുവരി 13 മുതല്‍ 19 വരെ എല്ലാ ദിവസവും രാത്രി എട്ടു മണിക്ക് ആന്തൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ പ്രമുഖ കലാകാരന്മാരെ അണിനിരത്തി മെഗാ ഷോകള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് എം.എല്‍.എ അറിയിച്ചു. 13ന് രാത്രി എട്ടു മണിക്ക് വിധുപ്രതാപ് ബാന്റ്, 14ന് ശ്രീരാഗ് ഭരതന്‍, അനുശ്രീ (സ്റ്റാര്‍ സിംഗര്‍) ഗാനമേള മഹാലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന 'ദി റിഫ്ലെക്ഷന്‍' നൃത്താവിഷ്‌ക്കാരം എന്നിവ അരങ്ങേറും. 15ന് രമ്യ നമ്പീശന്റെ നൃത്തപരിപാടിയും മാംഗോസ്റ്റീന്‍ ക്ലബ് ബാന്‍ഡ് പെര്‍ഫോമന്‍സും നടക്കും. 16ന് മെഹ്ഫില്‍ ഇ സമ സൂഫി ബാന്റ്, 17ന് റിമി ടോമിയുടെ ഗാനമേള,18ന് ജോബ് കുര്യന്റെ ഗാനമേള, റിമ കല്ലിങ്കല്‍ അവതരിപ്പിക്കുന്ന 'മാമാങ്കം' നൃത്തപരിപാടി എന്നിവയും നടക്കും. 19ന് വേടന്റെ റാപ്പ് പെര്‍ഫോമന്‍സോടെ മെഗാ ഷോകള്‍ക്ക് സമാപനമാകും.

ഗവ. എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ ഫെബ്രുവരി 13 മുതല്‍ 17 വരെ എല്ലാ ദിവസവും രാവിലെ 11 മണി മുതല്‍ ഒരു മണി വരെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സെമിനാറുകള്‍ നടക്കും.14ന് പ്രാദേശിക സര്‍ക്കാരുകളുടെ വിജ്ഞാനസാംസ്‌കാരിക നയപരിപാടികളും ലൈബ്രറികളും 15ന് 'ഉത്തരവാദിത്വ ടൂറിസവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും' 16ന് 'ദുരന്ത നിവാരണവും പ്രാദേശിക ഭരണകൂടങ്ങളും' 17ന് 'സംരംഭകത്വം സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍' എന്നീ വിഷയങ്ങളിലാണ് സെമിനാറുകള്‍ നടക്കുക.മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, വി.ശിവന്‍കുട്ടി, വി.അബ്ദുറഹിമാൻ ഉള്‍പ്പെടെയുള്ളവര്‍ ആഘോഷപരിപാടികളില്‍ സംവദിക്കാനെത്തുമെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ പറഞ്ഞു. മാങ്ങാട്ടുപറമ്പ് ഗവ. എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലും ആന്തൂര്‍ നഗരസഭാ ഗ്രൗണ്ടിലുമായി നടക്കുന്ന എല്ലാ പരിപാടികള്‍ക്കും പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍, ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സതീദേവി, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ ടി.ജെ.അരുണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.