മടങ്ങിയെത്തുന്ന പ്രവാസികളുടെ സാമ്പത്തിക-സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ നൂതനാശയങ്ങൾ ചർച്ചയാക്കി ലോക കേരള സഭ
തിരിച്ചെത്തുന്ന പ്രവാസികളുടെ സമഗ്രമായ സാമ്പത്തിക-സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി ക്ഷേമനിധിയിലെ പ്രായപരിധി ഒഴിവാക്കുക, 18-40 വയസുകാർക്കായി രണ്ടാം തലമുറ പെൻഷൻ പദ്ധതി ആവിഷ്‌കരിക്കുക, കുറഞ്ഞ സിബിൽ സ്‌കോർ ഉള്ളവർക്കും കേരള ബാങ്ക് വഴി വായ്പ ലഭ്യമാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ലോക കേരള സഭയോടനുബന്ധിച്ച് സംഘടിപ്പിച്ച ചർച്ചകളിൽ ഉയർന്നു വന്നു.
മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ‘പ്രവാസി ഗ്രാമസഭ’ പോലുള്ള നൂതന ആശയങ്ങലും ചർച്ചയായി. തിരിച്ചെത്തിയവരുടെ തൊഴിൽ നൈപുണ്യം പ്രയോജനപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾ വഴി സ്‌കിൽ മാപ്പിംഗ് നടത്തണം. പ്രവാസി പെൻഷൻ വിതരണത്തിലെ കാലതാമസം ഒഴിവാക്കാനും നോർക്ക കെയർ പദ്ധതിയിൽ പ്രവാസികളുടെ മാതാപിതാക്കളെ ഉൾപ്പെടുത്തുന്നത് ഉറപ്പുവരുത്താനും സർക്കാർ ഇടപെടൽ ആവശ്യമാണ്. പ്രവാസികളായിരിക്കുമ്പോൾ തന്നെ കുടുംബങ്ങളെ ഉൾപ്പെടുത്തി കുടുംബശ്രീ മാതൃകയിൽ പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിക്കുന്നത് മടങ്ങിയെത്തുന്നവർക്ക് വലിയ ആശ്വാസമാകുമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് തലത്തിൽ പ്രവാസി ഹെൽപ്പ് ഡെസ്‌കുകൾ സ്ഥാപിക്കുന്നതിനൊപ്പം പ്രവാസികളുടെ തൊഴിൽ നൈപുണ്യം വാർഡ് തലത്തിൽ ശേഖരിച്ച് 'വിജ്ഞാന കേരളം' മാതൃകയിൽ പ്രയോജനപ്പെടുത്തണമെന്നും അംഗങ്ങൾ നിർദ്ദേശിച്ചു. കാർഷിക മേഖലയിലെ നൂതന സംരംഭങ്ങൾക്ക് സബ്‌സിഡി നൽകുന്നതിനൊപ്പം പ്രവാസി ക്ഷേമ ബോർഡിനായി ഓൺലൈൻ ലോട്ടറി വഴി ഫണ്ട് സ്വരൂപിക്കണമെന്ന ആശയവും ചർച്ചയിൽ മുന്നോട്ടുവെച്ചു.
തിരിച്ചെത്തുന്ന പ്രവാസികളിൽ ഭൂരിഭാഗവും രോഗികളും മാനസിക-സാമ്പത്തിക സമ്മർദ്ദം അനുഭവിക്കുന്നവരുമാണെന്നും, ഇത് കുടുംബവുമായുള്ള വൈകാരിക അകൽച്ചയ്ക്ക് കാരണമാകുന്നുണ്ടെന്നും പ്രവാസി പ്രതിനിധികൾ വിലയിരുത്തി. വായ്പാ തിരിച്ചടവിലെ പ്രതിസന്ധികളും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷാ പ്രശ്‌നങ്ങളും അടിയന്തരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്.









