പ്രവാസി ഭരണനിർവഹണം മുതൽ സാംസ്‌കാരിക കൈമാറ്റം വരെയുമുള്ള മേഖലകളിൽ പരിഷ്‌കാരങ്ങൾക്ക് നിർദേശങ്ങളുമായി സഭാംഗങ്ങൾ
പ്രവാസി ഭരണനിർവഹണം മുതൽ സാംസ്‌കാരിക കൈമാറ്റം വരെയുമുള്ള മേഖലകളിൽ വിപുലമായ പരിഷ്‌കാരങ്ങക്കുള്ള നിർദേശങ്ങൾ ലോക കേരള സഭയോടനുബന്ധിച്ചു സംഘടിപ്പിച്ച വിഷയാധിഷ്ഠിത ചർച്ചകളിൽ ഉയർന്നുവന്നു. പ്രവാസി ക്ഷേമ പദ്ധതികൾ കൂടുതൽ ജനകീയമാക്കുന്നതിനൊപ്പം കേരളത്തിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള വിപുലമായ നിർദേശങ്ങളും വിവിധ രാജങ്ങളിൽ നിന്നുള്ള മലയാളി പ്രവാസി പ്രതിനിധികൾ മുന്നോട്ടുവച്ചു.
പ്രവാസി ഭരണനിർവഹണ രംഗത്ത് വലിയ മാറ്റങ്ങളാണ് അംഗങ്ങൾ പ്രധാനമായും നിർദ്ദേശിച്ചത്. നോർക്ക ഐഡി കാർഡ് ഒസിഐ കാർഡ് ഹോൾഡർമാർക്കും ലഭ്യമാക്കുക, റിക്രൂട്ട്മെന്റ് ഏജൻസികളുടെ പ്രവർത്തനം സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം 'ഓപ്പറേഷൻ ശുഭയാത്ര' വഴി അനധികൃത റിക്രൂട്ട്മെന്റുകൾ കർശനമായി തടയണമെന്ന നിർദ്ദേശവും ഉയർന്നു.

കംബോഡിയ പോലുള്ള രാജ്യങ്ങളിൽ പ്രവാസികളെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ധാരാളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കണക്കിലെടുത്ത് ബോധവൽക്കരണം ശക്തമാക്കണം. വിദേശ രാജ്യങ്ങളിലെ നിയമങ്ങളും സംസ്‌കാരവും സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് മുൻകൂട്ടി പരിശീലനം നൽകണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.

പ്രവാസി നിക്ഷേപങ്ങളെ കേരളത്തിന്റെ വികസനവുമായി ബന്ധിപ്പിക്കാൻ പുതിയ സാധ്യതകളാണ് ചർച്ചകൾ തുറന്നിട്ടത്. പ്രവാസി സംരംഭകർക്കായി എൻആർഐ എയ്ഞ്ചൽ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം രൂപീകരിക്കുക, ടൂറിസം മേഖലയിൽ 'കേരള ബ്രാൻഡ്' ഫ്രാഞ്ചൈസികൾ വികസിപ്പിക്കുക തുടങ്ങിയ ആശയങ്ങൾ ചർച്ചയായി. ഹൈസ്പീഡ് റെയിൽ കണക്റ്റിവിറ്റിയുടെയും ടൂറിസം മേഖലയുടെ വികസനവും സാധ്യതകളും ചർച്ചയായി. പ്രവാസികൾക്ക് ഗ്രാമതലത്തിൽ നിക്ഷേപം നടത്താൻ അവസരമൊരുക്കണമെന്നും വിദേശ വിദ്യാർത്ഥികളെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാൻ പുതിയ കോഴ്‌സുകൾ ആരംഭിക്കണമെന്നും നിർദ്ദേശമുയർന്നു.
ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് ചേക്കേറുന്ന വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുമ്പോഴും അവർ നേരിടുന്ന പ്രതിസന്ധികൾ ഗുരുതരമാണെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു. വിദേശത്തേക്ക് പോകുന്നതിന് മുൻപ് അവിടുത്തെ നിയമങ്ങൾ, കാലാവസ്ഥ, സാമ്പത്തിക വിനിയോഗം തുടങ്ങിയവയിൽ കുട്ടികൾക്ക് കൃത്യമായ പരിശീലനം നൽകണം. അംഗീകൃത ഏജൻസികളെയും കോഴ്‌സുകളെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോം വേണം. കുട്ടികൾക്ക് അടിയന്തര സഹായം ലഭ്യമാക്കാൻ 24 മണിക്കൂർ കൗൺസിലിംഗ് സൗകര്യവും ലഭ്യമാക്കണമെന്ന് അഭിപ്രായമുയർന്നു.
മലയാള ഭാഷയെയും സംസ്‌കാരത്തെയും ആഗോളതലത്തിൽ വളർത്താൻ വിപുലമായ സാംസ്‌കാരിക പദ്ധതികളും പ്രതിനിധികൾ നിർദ്ദേശിച്ചു. പ്രവാസി വിദ്യാർത്ഥികൾക്കായി ആഗോള യുവജനോത്സവം സംഘടിപ്പിക്കുക, കുടിയേറ്റ ചരിത്രത്തിന്റെ ഡിജിറ്റൽ ആർക്കൈവ് തയ്യാറാക്കുക, യുനെസ്‌കോ സാഹിത്യ നഗരങ്ങളുമായി ചേർന്ന് മലയാള സാഹിത്യോത്സവങ്ങൾ നടത്തുക എന്നിവ ഇതിൽ പ്രധാനമാണ്. ജെഎൻയു പോലുള്ള സർവകലാശാലകളിൽ മലയാളം ചെയർ സ്ഥാപിക്കുന്നതിനൊപ്പം പ്രവാസി എഴുത്തുകാർക്ക് സാഹിത്യ അക്കാദമിയുമായി ബന്ധപ്പെടാൻ നോഡൽ ഓഫീസറെ നിയമിക്കണമെന്ന ആവശ്യവും പ്രതിനിധികൾ മുന്നോട്ടുവെച്ചു.









