പ്രവാസികളുടെ സുരക്ഷിതത്വത്തിനായി ഹൈപവർ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി

post

ലോക കേരള സഭയിൽ പ്രവാസികൾ സമർപ്പിച്ച നിർദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ലഭിക്കാനായി സ്റ്റാൻഡിങ് കമ്മിറ്റി

പ്രവാസികളുടെ സുരക്ഷിതത്വ കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കാൻ സംസ്ഥാന സർക്കാർ ഹൈപവർ കമ്മിറ്റിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർ അംഗങ്ങളായ ഹൈപവർ കമ്മറ്റി മാസത്തിലൊരിക്കൽ യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്യും. അഞ്ചാമത് ലോക കേരള സഭയുടെ സമാപന സമ്മേളനത്തിൽ പ്രവാസികൾ ഉയർത്തിയ നിർദേശങ്ങളിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഓസ്ട്രിയയിലും ജർമനിയിലും ഭാഷാ പ്രാവീണ്യത്തിനായുള്ള A1, A2, B1, B2 മോഡ്യൂളിന്റെ വ്യാജ സർട്ടിക്കറ്റുകൾ, വ്യാജ റിക്രൂട്ട്‌മെന്റ് എന്നിവ വ്യാപകമായിട്ടുണ്ട്. ഇത് ഗൗരവമുള്ള പ്രശ്‌നമാണ്. 2024 ൽ മാത്രം ഈ ഗണത്തിൽ 1300 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിനെതിരെ ബോധവൽക്കരണം നടത്തും. ഇതിന് പുറമെയാണ് സംസ്ഥാന സർക്കാർ പുതുതായി സ്ഥാപിക്കുന്ന നോർക്ക പോലീസ് സ്റ്റേഷൻ. നോർക്ക പോലീസ് സ്റ്റേഷനിൽ ഏത് പ്രവാസിക്കും നേരിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാം.

ലോക കേരള സഭയിൽ പ്രവാസികൾ സമർപ്പിച്ച നിർദേശങ്ങൾ പരിശോധിച്ച് റിപ്പോർട്ട് ലഭിക്കാനായി സ്റ്റാൻഡിങ് കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസികൾ, തിരികെയെത്തിയ പ്രവാസികൾ, നോർക്ക ഡയറക്ടർമാർ എന്നിവർ അംഗങ്ങളായുള്ളതാണ് സ്റ്റാൻഡിങ് കമ്മിറ്റി. നോർക്ക വകുപ്പ് സെക്രട്ടറി ഉൾപ്പെടെ എക്‌സ് ഒഫീഷ്യോ അംഗങ്ങളായിരിക്കും.

തിരികെ വന്ന പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കണമെന്ന ആവശ്യത്തിനും മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചു. നോർക്ക കെയർ പദ്ധതിയിൽ ഇക്കാര്യം ഉൾപ്പെടുത്താമോ എന്ന് പരിശോധിക്കും. ജർമന് പുറമേ കൂടുതൽ വിദേശ ഭാഷകൾ പഠിപ്പിക്കാൻ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജസ് വഴി തുടർനടപടികൾ ഉണ്ടാകും. ഗ്രാമപഞ്ചായത്ത്, വാർഡ് തലത്തിൽ ഡയസ്‌പോറ പദ്ധതികൾ പ്രവാസി മിഷൻ മുഖേന നടപ്പാക്കും. മിഷൻ ഉദ്ഘാടനം അടുത്തമാസം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം, സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കൽ എന്നിവയെല്ലാം പ്രവാസി മിഷന് കീഴിൽ പരിശോധിക്കും.


ആഫ്രിക്കൻ രാഷ്ട്രങ്ങളിലെ സാഹിത്യ നഗരി പദവി കിട്ടിയ നഗരങ്ങളും ഇന്ത്യയിൽ ഈ പദവി ലഭിച്ച കോഴിക്കോടുമായി ചേർന്ന് സാംസ്‌കാരിക ഇടനാഴി എന്ന പദ്ധതിക്കായി പരിശ്രമം നടത്തും. പ്രവാസികൾക്ക് നിക്ഷേപം നടത്താനായി ഷെർപ്പ ഓൺലൈൻ പ്ലാറ്റ്‌ഫോം ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിദേശത്ത് പഠനത്തിനു പോകുന്ന വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നൽകാൻ സ്റ്റുഡൻറ് മൈഗ്രേഷൻ പോർട്ടലും ആവിഷ്‌കരിച്ചു. ഇതൊക്കെയും പ്രവാസികൾ പ്രയോജനപ്പെടുത്തണം. പ്രവാസി സുരക്ഷിതത്വം ഉറപ്പാക്കാൻ സുശക്തമായ കുടിയേറ്റ നിയമം കേന്ദ്രസർക്കാർ രൂപീകരിക്കേണ്ടതുണ്ട്. മൂന്നു തവണ എമിഗ്രേഷൻ ബിൽ അവതരിപ്പിച്ചെങ്കിലും ഇത് പാർലമെൻറിൽ അവതരിപ്പിച്ച് നിയമമാക്കിയിട്ടില്ല. ഇതിനായി സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തുന്നത് തുടരും.

പ്രവാസികൾക്ക് സംസ്ഥാനം മുഖ്യപരിഗണന നൽകുന്നതിന്റെ തെളിവാണ് ലോക കേരളസഭ. പ്രവാസികളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൂടി പരിഗണിച്ചാണ് നവകേരള പദ്ധതി തയ്യാറാക്കിയത്. അകം കേരളത്തിനൊപ്പം പുറം കേരളവും ചേരുമ്പോഴാണ് നവകേരളം രൂപീകൃതമാകുകയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം ലോകം അംഗീകരിക്കുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിക്ഷേപം നടത്താൻ പ്രവാസികൾ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

തിരുവനന്തപുരത്ത് മൂന്ന് ദിവസങ്ങളിലായി നടന്ന ലോക കേരള സഭയിൽ 125 രാജ്യങ്ങളിൽ നിന്നുള്ള 500ൽപ്പരം പ്രവാസി പ്രതിനിധികൾ പങ്കെടുത്തു. 12 പ്രമേയങ്ങളും അവതരിപ്പിച്ചു. സമാപന സമ്മേളനത്തിൽ സ്പീക്കർ എ എൻ ഷംസീർ, ജോൺ ബ്രിട്ടാസ് എം പി, ചീഫ് സെക്രട്ടറി എ ജയതിലക്, വ്യവസായികളായ എം എ യൂസഫലി, ഗോകുലം ഗോപാലൻ, ജെ കെ മേനോൻ, മുൻ മന്ത്രി കെ ടി ജലീൽ, പി. ശ്രീരാമകൃഷ്ണൻ, നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.

ലോക കേരള സഭ: നിർദ്ദേശങ്ങൾ പരിശോധിക്കാൻ സ്റ്റാൻഡിങ് കമ്മിറ്റി

അഞ്ചാം ലോക കേരള സഭാ സമ്മേളനത്തിൽ പ്രവാസി പ്രതിനിധികൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ വിശദമായി പരിശോധിച്ച് സർക്കാരിന് ശുപാർശ നൽകുന്നതിനായി പ്രത്യേക സ്റ്റാൻഡിങ് കമ്മിറ്റിയെ നിയോഗിച്ചു. നോർക്ക റൂട്ട്‌സ് ഡയറക്ടർമാരായ ഒ. വി. മുസ്തഫ, ജെ. കെ. മേനോൻ എന്നിവർ ഉൾപ്പെടുന്ന പശ്ചിമേഷ്യൻ പ്രതിനിധി പട്ടികയിൽ ബഹ്റൈനിൽ നിന്ന് പി. വി. രാധാകൃഷ്ണ പിള്ളയും സൗദി അറേബ്യയിൽ നിന്ന് ബഷീർ വരോടും യുഎഇയിൽ നിന്ന് സുബാഷ് ദാസും കുവൈറ്റിൽ നിന്ന് സജി ജനാർദ്ദനനും ഉൾപ്പെട്ടിട്ടുണ്ട്. ഇതര ഏഷ്യൻ രാജ്യങ്ങളിൽ നിന്നും പസഫിക് മേഖലയിൽ നിന്നുമായി മലേഷ്യയിൽ നിന്നുള്ള ആത്മേഷൻ പശ്ചാട്ട്, ന്യൂസിലൻഡിൽ നിന്നുള്ള മീര മുരളീധരൻ എന്നിവരെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലെ പ്രവാസി പ്രതിനിധികളായി യുകെയിൽ നിന്നുള്ള ജനേഷും നെതർലൻഡ്സിൽ നിന്നുള്ള നന്ദിത മാത്യൂസും കമ്മിറ്റിയുടെ ഭാഗമാകും.

അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് യുഎസ്എ പ്രതിനിധി ബാബു സ്റ്റീഫൻ, കാനഡയിൽ നിന്നുള്ള സൂരജ് വേണുഗോപാൽ എന്നിവരെ ആഫ്രിക്കൻ ഭൂഖണ്ഡത്തെ പ്രതിനിധീകരിച്ച് കെനിയയിൽ നിന്നുള്ള ജോലറ്റ് എബ്രഹാമിനെയും നിശ്ചയിച്ചു. ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് എ.വി. അനൂപ് (തമിഴ് നാട്), ആർ.ഡി. ഹരികുമാർ (മഹാരാഷ്ട്ര) എന്നിവരാണ് പട്ടികയിലുള്ളത്. മടങ്ങി വന്ന പ്രവാസികളുടെ പ്രതിനിധികളായി വെൽഫെയർ ബോർഡ് ചെയർമാൻ ഗഫൂർ പി. ലില്ലിസ്, അൻസാദ് അബ്ബാസ്, രാജീവ് വഞ്ചിപ്പാലം എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. നോർക്ക വകുപ്പ് സെക്രട്ടറി, ലോക കേരള സഭ ഡയറക്ടർ, നോർക്ക റൂട്ട്‌സ് സി.ഇ.ഒ എന്നിവർ എക്‌സ്-ഒഫിഷ്യോ അംഗങ്ങളായി കമ്മിറ്റിയിൽ പ്രവർത്തിക്കും.