ഒളവണ്ണ ഗ്രാമപഞ്ചായത്ത് സൗജന്യ കോവിഡ് പരിശോധന നടത്തുന്നു

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഒളവണ്ണ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി നവംബര്‍ ഒന്ന് വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൗജന്യ കോവിഡ് പരിശോധന നടത്തും. ടെസ്റ്റിംഗ്, ട്രെയിസിംഗ്, ക്വാറന്റയ്ന്‍, ട്രീറ്റ്‌മെന്റ് (ടി.ടി.ക്യൂ.ടി.) നടപടികള്‍ ശക്തമാക്കി രോഗപ്പകര്‍ച്ചയും മരണനിരക്കും പരമാവധി തടയുന്നതിനാണ് വ്യാപക രീതിയില്‍ പരിശോധന നടത്തുന്നത്. 28ന് ഹൈലൈറ്റ് മാള്‍, 29ന് എം.എസ്.എസ്. കോളനിഹാള്‍, 30ന് റെയ്‌സ് ഹോസ്റ്റല്‍, 31ന് കൊടിനാട്ട് മുക്ക് സ്‌കൂള്‍, നവംബര്‍ ഒന്നിന് സഫയര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരിശോധന.
ജലദോഷപ്പനി, ശ്വാസകോശ അലര്‍ജി, ആസ്ത്മ, ഡയാലിസിസ്, രക്തസമ്മര്‍ദ്ദം, പ്രമേഹം, കാന്‍സര്‍ രോഗികള്‍, പ്രതിരോധശേഷി കുറയാന്‍ കാരണമാവുന്ന മരുന്ന് കഴിക്കുന്നവര്‍, 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ജോലിയുടെ ഭാഗമായി ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ തുടങ്ങിയ വിഭാഗത്തില്‍ പെടുന്ന എല്ലാവരും പരിശോധന സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റും മെഡിക്കല്‍ ഓഫീസറും അറിയിച്ചു.