പട്ടികജാതി-പട്ടിക വര്‍ഗ, പിന്നോക്ക വിഭാഗങ്ങളുടെ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി; മുഖ്യമന്ത്രി

post

മരുതോങ്കര ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നാടിന് സമര്‍പ്പിച്ചു

കോഴിക്കോട്  : പട്ടികജാതി-പട്ടിക വര്‍ഗ, പിന്നോക്ക വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ സര്‍ക്കാറിന് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണ സമാപനവും, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പും പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പും ചേര്‍ന്ന് നടപ്പിലാക്കിയ 20 പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമായും ഈ വിഭാഗങ്ങളുടെ വിദ്യാഭ്യാസവും സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുതകുന്ന പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. ഭൂമി, വീട്, അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവയൊരുക്കുന്നതിന് അതീവ പ്രാധാന്യം നല്‍കി.പട്ടികജാതിയില്‍പ്പെട്ട 10,107 ലധികം കുടുംബങ്ങള്‍ക്ക വീട് വെക്കാന്‍ സ്ഥലം നല്‍കി. 60,000ത്തിലധികം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. 201 പട്ടികജാതി കോളനിയിലെ സമഗ്ര വികസന പദ്ധതി പൂര്‍ത്തീകരിച്ചു. കുടിവെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി. വാസയോഗ്യമല്ലാത്ത വീടുകള്‍ വാസയോഗ്യമാക്കുന്നതിന് ഒന്നര ലക്ഷം രൂപ വരെ ധനസഹായം നല്‍കി. യുവാക്കളെ സ്ഥിര വരുമാനമുള്ളരാക്കാന്‍ ലക്ഷ്യമിട്ട് വിദ്യാഭ്യാസ രംഗത്ത് നടത്തിയ ഇടപെടലില്‍ നല്ല ഫലമാണ് ലഭിച്ചത്. പഠനമുറി പദ്ധതി ദേശീയ ശ്രദ്ധനേടുന്നതായി. 12,500 പഠനമുറികളാണ് പൂര്‍ത്തിയാക്കിയത്. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം ഉയര്‍ത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടിക വര്‍ഗക്കാര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യസ സൗകര്യങ്ങളാണ് നല്‍കിയത്. അതോടൊപ്പം തൊഴില്‍ പരിശീലനവും നല്‍കി. തൊഴില്‍ നേടുന്നതിലൂടെ സാമ്പത്തികമായി പട്ടികവര്‍ഗ വിഭാഗത്തെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനായി വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി. അവരുടെ ഭാഷയില്‍ തന്നെ കാര്യങ്ങള്‍ മനസിലാക്കുന്നതിനായി വിദ്യാഭ്യസരംഗത്തില്‍ മാറ്റം വരുത്തി. ഇതിനായി 267 മെന്റര്‍ ടീച്ചര്‍മാരെയാണ് നിയമിച്ചത്. ഊരുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ചിരുന്ന പഠിക്കാന്‍ 500 സാമൂഹ്യപഠനമുറികള്‍ അനുവദിച്ചു. 250 എണ്ണം പൂര്‍ത്തിയായി. 1,32,000 പേര്‍ക്ക് ചികിത്സാ ധനസാഹായം നല്‍കി. 100 പട്ടിക വര്‍ഗ യുവതി-യുവാക്കള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ് വഴി പൊലിസ്, എക്സൈസ് വകുപ്പുകളില്‍ നിയമനം നല്‍കി. സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പറേഷന്‍ രണ്ട് ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്കായി 1931 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടികജാതി-പട്ടിക വര്‍ഗ-പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ മരുതോങ്കരയില്‍ പൂര്‍ത്തിയാക്കിയ ഡോ. ബി ആര്‍ അംബേദ്കര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളാ(ഗേള്‍സ്)ണ് മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചത്. മരുതോങ്കര പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് പട്ടികജാതി വികസന വകുപ്പിന് കൈമാറിയ 10 ഏക്കര്‍ സ്ഥലത്താണ് റസിഡന്‍ഷ്യല്‍ സ്‌കൂളിനായി കെട്ടിട സമുച്ചയം നിര്‍മ്മിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവൃത്തി നടത്തിയത്. റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഹൈസ്‌കൂള്‍ വിഭാഗത്തിന് കെട്ടിടം നിര്‍മ്മാണത്തിനായി ഒന്നാംഘട്ട പ്രവൃത്തിക്കായി 19.75 കോടിയാണ് അനുവദിച്ചത്. 2408 ച.മീറ്റര്‍ വിസ്തൃതിയില്‍ അക്കാദമിക് കം അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക്, 2464 ച.മീറ്ററില്‍ വിശാലമായ ഡൈനിംഗ്ഹാളടക്കം 164 വിദ്യാര്‍ഥിനികളെ ഉള്‍കൊള്ളാവുന്ന ഹോസ്റ്റല്‍ കെട്ടിടം, 904 ച. മീറ്റര്‍ വിസ്തൃതിയില്‍ 12 സ്റ്റാഫ് ക്വാട്ടേഴ്സുകളും 260  ച. മീറ്ററില്‍ കിച്ചണ്‍ എന്നിവയാണ് നിര്‍മ്മിച്ചത്. കൂടാതെ പാര്‍ശ്വഭിത്തികളും കലുങ്കുകളും ഉള്‍പ്പെടുന്ന റോഡും പൂര്‍ത്തിയാക്കി.

മരുതോങ്കരയില്‍ നടന്ന ചടങ്ങില്‍ ഇ കെ വിജയന്‍ എംഎല്‍എ സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണ സന്ദേശം നല്‍കി. കെ മുരളീധരന്‍ എംപി മുഖ്യാതിഥിയായി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയര്‍ കെ ലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ സാംബശിവറാവു, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത്, മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ എം സതി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ, പി ജി ജോര്‍ജ് മാസ്റ്റര്‍, സുജാത മനക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി പി റീന, ഗ്രാമപഞ്ചായത്ത് അംഗം പി രജിലേഷ്, ജില്ലാ പട്ടിക വര്‍ഗ ഓഫീസര്‍ സയിദ് നയിം, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ പി കുഞ്ഞമ്മദ്കുട്ടി, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ പി ഷാജി സ്വാഗതവും കുന്നുമ്മല്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ പി അബ്ദുല്‍അസീസ് നന്ദിയും പറഞ്ഞു.