ദേശീയപാത വികസനം: ജില്ലയില്‍ രണ്ട് പദ്ധതികള്‍ക്ക് തുടക്കം

കോഴിക്കോട്: ജില്ലയിലെ രണ്ട് പദ്ധതികളടക്കം സംസ്ഥാനത്തെ ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനവും പദ്ധതി സമര്‍പ്പണവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സഹകരണമാണ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഭൂമിയേറ്റെടുക്കലിന് വേണ്ടിവരുന്ന തുക ഏറ്റവും കൂടുതലാണ്. പദ്ധതി തുകയുടെ സിംഹഭാഗം ഇതിനായി വേണ്ടിവരാറുണ്ട്. കേരളത്തിലെ റോഡ്് വികസനത്തിന് മികച്ച പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്, സ്റ്റീല്‍, സിമന്റ് തുടങ്ങിയവയ്ക്ക് ജി.എസ്.ടി ഇളവ് തുടങ്ങിയവ സംസ്ഥാനം പരിഗണിക്കുമെങ്കില്‍ നിര്‍മാണചെലവ് കുറയ്ക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ തുടര്‍ന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തു പരിഹാരം കണ്ടെത്താനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ഈ സാമ്പത്തികവര്‍ഷം 965 കോടി രൂപയ്ക്ക് 210 കിലോമീറ്റര്‍ ദേശീയപാത പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയില്‍ രണ്ട് പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചത്. ദേശീയപാത 66ലെ പാലോളിപാലം മുതല്‍ മൂരാട് പാലം വരെ രണ്ടു കി. മീറ്ററുള്ള ആറ് വരി പാതയുടെ നിര്‍മ്മാണവും അനുബന്ധജോലികളുമാണ് പദ്ധതികളിലൊന്ന്. രണ്ട് പാലങ്ങളുടെ നിര്‍മ്മാണവും അനുബന്ധ റോഡ്, കള്‍വര്‍ട്ട് നിര്‍മ്മാണം തുടങ്ങിയവക്കായി 210 കോടിയാണ് അനുവദിച്ചത്. ദേശീയപാത 66 കടന്നുപോകുന്ന കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം ജംഗ്ഷന്‍ മുതല്‍ രാമനാട്ടുകര വരെ 28.4 കി. മീറ്റര്‍ പ്രവൃത്തികള്‍ക്കായി 1853 കോടിയാണ് അനുവദിച്ചത്. ഏഴ് മേല്‍പ്പാലങ്ങള്‍, 16 അടിപ്പാത, രണ്ട് മേല്‍പ്പാത (ഓവര്‍പാസ്്), 103 കള്‍വര്‍ട്ടുകള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എം കെ രാഘവന്‍ എംപി, എ പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ സാംബശിവറാവു, ദേശീയപാത അതോറിറ്റി കൊച്ചി ടെക്‌നിക്കല്‍ ജനറല്‍ മാനേജര്‍ ആന്റ് പ്രൊജക്ട് ഡയറക്ടര്‍ ജെ ബാലചന്ദര്‍, കോഴിക്കോട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആന്റ് പ്രൊജക്ട് ഡയറക്ടര്‍ നിര്‍മ്മല്‍ എം സാഡേ, കൊച്ചി ടെക്‌നിക്കല്‍ മാനേജര്‍ ദേബപ്രസാദ് സാഹു തുടങ്ങിയവര്‍ പങ്കെടുത്തു.