ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം പദ്ധതിയ്ക്ക് മേപ്പയൂര്‍ തുടക്കം കുറിച്ചു

post

കോഴിക്കോട് : സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി 150 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം (ILGMS) പദ്ധതിയ്ക്ക് മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു. ഇന്റഗ്രേറ്റഡ് ഇ ഗവേര്‍ണന്‍സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പഞ്ചായത്ത് തല പരിപാടി മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

150 ഗ്രാമപഞ്ചായത്തുകളിലാണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കുന്നത്. ഓപ്പണ്‍ സോഴ്‌സ് സാങ്കേതിക വിദ്യയില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് (IKM) ഈ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിട്ടുള്ളത്.

ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും ലഭ്യമാകുന്ന 200 ല്‍ അധികം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ ആയി അയക്കുന്നതിനുള്ള സൗകര്യം സോഫ്റ്റ്‌വെയറില്‍ ലഭ്യമാക്കിയിട്ടുണ്ട്. 

ചടങ്ങില്‍ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്‍,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി രാജന്‍,, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഇ ശ്രീജയ, യൂസഫ് കോറോത്ത്, വാര്‍ഡ് മെമ്പര്‍ കമല ആന്തേരി, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പി.എം പവിത്രന്‍, സെക്രട്ടറി എ രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി അനില്‍കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് സന്ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.