നന്മണ്ട വില്ലേജ് ഓഫീസ് പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

കോഴിക്കോട് : നന്മണ്ട വില്ലേജ് ഓഫീസ് പുതിയ കെട്ടിടം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പുള്ള കെട്ടിടമാണ് ഇതുവരെ നന്മണ്ട വില്ലേജ് ഓഫീസായി പ്രവര്‍ത്തിച്ചിരുന്നത്. ഓടിട്ട പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മ്മിച്ചത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ്.
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ വില്ലേജ് ഓഫീസര്‍ക്കുള്ള റൂം, സ്റ്റാഫ് റൂം, റെക്കോര്‍ഡ് റൂം, വെയിറ്റിംഗ് ഏരിയ, ഫ്രണ്ട് ഓഫീസ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 60 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉപഭോക്താക്കള്‍ക്കായി ഇരിപ്പിട സംവിധാനങ്ങള്‍, കുടിവെള്ളം, ഭിന്നശേഷി സൗഹൃദമായ ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു ചടങ്ങില്‍ സ്വാഗതം പറഞ്ഞു. എല്‍.എസ്.ജി.ഡി കോഴിക്കോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വാസു ടി.പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ. പി ശോഭന, നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുണ്ടൂര്‍ ബിജു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം മുക്കം മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം എം.ഗംഗാധരന്‍ മാസ്റ്റര്‍ ഗ്രാമപഞ്ചായത്ത് അംഗം നിത്യകല വികെ, കോഴിക്കോട് തഹസില്‍ദാര്‍ എ.എം പ്രേംലാല്‍, വില്ലേജ് ഓഫീസര്‍ കെ.എം അനില്‍ കുമാര്‍ , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.