കെഎസ്ആര്‍ടിസി യിലും റെയില്‍വേ സ്റ്റേഷനിലും ഹെല്‍പ്പ് ഡെസ്‌ക്

post

കോഴിക്കോട്: പ്രളയത്തെ തുടര്‍ന്ന് യാത്രാദുരിതം നേരിടുന്ന ആളുകള്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് ബസ്, ട്രെയിന്‍ സര്‍വീസുകളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കും. യാത്ര തടസ്സപ്പെട്ട വര്‍ക്ക് താമസസൗകര്യം, അത്യാവശ്യം ഉള്ളവര്‍ക്ക് ഭക്ഷണം എന്നിവയും ഏര്‍പ്പെടുത്തും. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ വിവരവും റെയില്‍വേ സ്റ്റേഷനില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളുടെ വിവരവും അനൗണ്‍സ് ചെയ്യും. ആളുകളുടെ ആവശ്യത്തിനനുസരിച്ച് ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസുകള്‍ റെയില്‍വേ സ്റ്റേഷന്‍ വഴി തിരിച്ചു വിടും.
ലോ കോളേജിലെയും ഹോളിക്രോസ് കോളേജിലെയും ദേവകിയമ്മ കോളേജിലെയും നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങളായ വിദ്യാര്‍ഥികളാണ് ഹെല്‍പ് ഡെസ്‌കില്‍ ഉണ്ടായിരിക്കുക. കുന്ദമംഗലം യുപി സ്‌കൂളിലെ അധ്യാപകനായ യു പി ഏകനാഥന്റെ നേതൃത്വത്തില്‍ എ രാജേഷ്, പ്രമോദ്  മണ്ണടുത്ത്, എന്‍ സിജേഷ്, സി കെ പ്രഗ്‌നേഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.