പ്രാദേശികതലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുക്കുന്നു

post

കോഴിക്കോട് : ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രാദേശികതലത്തില്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.  ഇതിനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി.  48 മണിക്കൂര്‍ കൊണ്ട് ചികിത്സാ കേന്ദ്രം ഒരുക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകളാണ് നടന്നു വരുന്നത്. 5,000 പേര്‍ക്ക് ചികിത്സ നല്‍കുന്നതിനുള്ള കേന്ദ്രങ്ങളാണ് ആദ്യഘട്ടത്തില്‍ പുതുതായി സജ്ജമാക്കുക.  ചികിത്സാ കേന്ദ്രങ്ങളിലേക്കാവശ്യമായ സാധനസാമഗ്രികള്‍ പൊതുജനങ്ങളില്‍നിന്ന് സമാഹരിക്കാനും തീരുമാനിച്ചിട്ടുണ്ട്.  ഈ സെന്ററുകളിലേക്കാവശ്യമായ കിടക്ക, ബെഡ് ഷീറ്റ്, തലയിണ, പുതപ്പ്, തോര്‍ത്ത്, സ്റ്റീല്‍ പാത്രങ്ങള്‍, ഇലക്ട്രിക് ഫാന്‍, സ്പൂണ്‍, ജഗ്ഗ്, ബക്കറ്റ്, കപ്പ്, സോപ്പ്, ഹാന്‍ഡ് സാനിറ്റൈസര്‍, കുടിവെള്ളം, സാനിറ്ററി നാപ്കിന്‍, ഡയപ്പര്‍, പിപിഇ കിറ്റ്, സര്‍ജിക്കല്‍ മാസ്‌ക്, കസേര/ ബെഞ്ച്, റഫ്രിജറേറ്റര്‍, ഫയര്‍ എക്സ്റ്റിംഗുഷര്‍, മെഴുകുതിരി, എമര്‍ജന്‍സി ലാമ്പ് തുടങ്ങിയവ സംഭാവന ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ കളക്ടറേറ്റിന് പിന്‍വശത്തുള്ള എഞ്ചിനീയേഴ്സ് ഹാളില്‍ സാമഗ്രികളുമായി എത്തുകയോ 97451 21244 ല്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ എന്‍.എസ്.എസ്. ഹയര്‍ സെക്കണ്ടറി വിഭാഗം 2,500 ബെഡ്ഷീറ്റുകള്‍ സംഭാവന ചെയ്തു.