സംസ്ഥാനത്ത് വനസംരക്ഷണം കാര്യക്ഷമമാക്കും : മന്ത്രി കെ രാജു

post

കോഴിക്കോട് : താമരശ്ശേരി, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിന്റെ പുതിയ കെട്ടിടം ഉല്‍ഘാടനം ചെയ്തു. വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കെട്ടിട ഉല്‍ഘാടനം നിര്‍വഹിച്ചത്.70 മത് വനമഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വനസംരക്ഷണം കാര്യക്ഷമമാക്കുമെന്നും പ്രകൃതിക്ക് അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ വിപുലമായി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

വിദേശ മരങ്ങള്‍ വെട്ടി മാറ്റി പകരം സ്വാഭാവിക മരങ്ങള്‍ വെച്ചു പിടിപ്പിക്കും. ആദിവാസികളുടെ ആവാസ മേഖലകളില്‍ വനവല്കരണം നടതാനുള്ള പദ്ധതിയും ഇതിനൊപ്പം ആവിഷ്‌കരിച്ചിട്ടുണ്ട്. തരിശു ഭൂമികള്‍ ഇതിനായി ഉപയോഗിക്കും. പ്ലാസ്റ്റിക് കൂടിന് പകരം ചകിരി കൂടില്‍ വൃക്ഷത്തൈ വിതരണം ചെയ്യുകയാണ്.

വനമഹോത്സവത്തിന്റെ ഭാഗമായി തൃശ്ശൂര്‍ സൂവോളജിക്കല്‍ പാര്‍ക്കില്‍ സ്വാഭാവിക വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പരിപാടി അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്.  ഇത് പൂര്‍ത്തിയാകുന്നതോടെ തൃശൂര്‍  മൃഗശാലയിലെ മൃഗങ്ങളെ അങ്ങോട്ട് മാറ്റുകയാണ് ലക്ഷ്യം.വന്യജീവികള്‍ക്കുള്ള ആവാസ വ്യവസ്ഥയില്‍ തന്നെ അവക്കുള്ള താമസസൗകര്യം ഒരുക്കികൊടുക്കുന്നശ്രദ്ധേയ പദ്ധതിയാണിത്. നീലക്കുറിഞ്ഞി പുനഃസ്ഥാപനം, ആനമുടി,ഷോല ദേശീയോദ്യാനതിലെ പുല്‍മേടു പുനഃസ്ഥാപനം, മൂന്നാര്‍ വനം ഡിവിഷനില്‍ ചോല പുനഃസ്ഥാപനം എന്നിവയും വനമഹോത്സവത്തിന്റെ ഭാഗമായി നടത്തും.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും വനമഹോത്സവ പരിപാടികള്‍ സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.മന്ത്രിയെ പ്രതിനിധാനം ചെയ്ത് ദേവേന്ദ്ര കുമാര്‍ വര്‍മ പ്രിന്‍സിപ്പല്‍ ചീഫ് കണ്‌സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വിളക്കുകൊളുത്തുകയും ഫലകം അനാച്ഛാദനം ചെയ്യുകയുണ്ടായി. ചീഫ് കണ്‌സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ കാര്‍ത്തികേയന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാജീവന്‍, എപിസിസിഎഫ് അഡ്മിനിസ്‌ട്രേഷന്‍ രാജേഷ് രവീന്ദ്രന്‍, കണ്‌സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആടല്‍അരശന്‍, റേഞ്ച് ഓഫീസര്‍ അഖില്‍ നാരായണ്‍, ചക്കിട്ടപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുനില്‍, ദേവി വാഴയില്‍ എന്നിവര്‍ പങ്കെടുത്തു.28 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിര്‍മ്മാണം.