തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു

post

കോഴിക്കോട്: കോട്ടൂര്‍ പനങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലത്തിന്റെ ഉദ്ഘാടനം  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് പൊതുമരാമത്ത് വിഭാഗം കരുത്തോടെ മുന്നോട്ട് പോവുകയാണ്. കേരളത്തിലുടനീളം 500ലേറെ പാലങ്ങളുടെ   നിര്‍മ്മാണമാണ്  സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ മുഖ്യാതിഥിയായി. 

16.65 മീറ്റര്‍ നീളത്തില്‍ 7.50 മീറ്റര്‍ കാര്യേജ് വേയോട് കൂടി ഇരുവശത്തും 1.50 മീറ്റര്‍ വീതം വീതിയില്‍ ഫുട്പാത്ത് ഉള്‍പ്പെടെ 11 മീറ്റര്‍ വീതിയിലാണ്  1.53 കോടി രൂപ മുടക്കി പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ ഇരുവശങ്ങളിലും 50 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് കരിങ്കല്‍ ഭിത്തികെട്ടി ബിഎം & ബിസി ഉപരിതലത്തോടുകൂടി റോഡും നിര്‍മ്മിച്ചിട്ടുണ്ട്. ട്രാഫിക് സുരക്ഷയ്ക്കായി ബ്രോക്കണ്‍ പാരപ്പറ്റുകളും സൈന്‍ ബോര്‍ഡുകളും പാലത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.

പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാബു എം. ടി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം. കമലാക്ഷി, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ചന്ദ്രന്‍, പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉസ്മാന്‍, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. ബാലന്‍,  ബ്രിഡ്ജസ് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ പി. കെ. മിനി, പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിനി എന്‍. വി., ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.