അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്താന്‍ നടപടി തുടങ്ങി

post

പൊതുജനങ്ങള്‍ക്കും വിവരം നല്‍കാം

കോഴിക്കോട്: അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി.   കോഴിക്കോട് താലൂക്കിലെ രാമനാട്ടുകര, പെരുമുഖം, ഫറോക്ക് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ റെയ്ഡ് ചെയ്ത് അനര്‍ഹമായി കൈവശം വെച്ച  മുന്‍ഗണന, സബ്‌സിഡി വിഭാഗം റേഷന്‍ കാര്‍ഡുകള്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സ്‌ക്വാഡ് പിടിച്ചെടുത്തു.  ഇരുനില വീട്, വാഹനങ്ങള്‍, ഉദ്യോഗസ്ഥര്‍, സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കാര്‍ഡുകളാണ് പിടിച്ചെടുത്തത്.  സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം 1,000 ച. അടിയില്‍ കൂടുതല്‍ വിസ്തൃതിയുള്ളവീടുള്ളവര്‍, നാലു ചക്രവാഹനം സ്വന്തമായുള്ളവര്‍, വിദേശത്ത് ഉയര്‍ന്ന വരുമാനം കൈപ്പറ്റുന്നവര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അംഗങ്ങളായ കാര്‍ഡുടമകള്‍ക്ക് മുന്‍ഗണന വിഭാഗത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ കൈവശം വെക്കാന്‍ അര്‍ഹതയില്ല.    

റെയ്ഡില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീജ.എന്‍.കെ, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ മോഹന്‍കുമാര്‍. ആര്‍, ബാലകൃഷ്ണന്‍. കെ.ജീവനക്കാരനായ  പി.കെ.മൊയ്തീന്‍ കോയ  എന്നിവര്‍ പങ്കെടുത്തു.  പിടിച്ചെടുത്ത കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി വിലയും പിഴയും ഈടാക്കുന്നതിനുള്ള നടപടികളും ഭക്ഷ്യഭദ്രതാ നിയമപ്രകാരം നിയമ നടപടികളും സ്വീകരിക്കുകയും ചെയ്യും.  സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന പല കുടുംബങ്ങളും ബി പി എല്‍/ഏ ഏ വൈ കാര്‍ഡുകള്‍ കൈവശം വെച്ച് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി ധാരാളം പരാതികള്‍ കിട്ടിക്കൊണ്ടിരിക്കുന്നതിനാല്‍ പരിശോധന വരും ദിവസങ്ങളില്‍ കൂടുല്‍ കര്‍ശനമാക്കും.   പൊതുജനങ്ങള്‍ക്ക് പരാതികള്‍  0495 2374885 ല്‍ വിളിച്ചറിയിക്കാം.   താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടേയും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടേയും   നമ്പരുകളിലും വിവരങ്ങള്‍ കൈമാറാമെന്ന് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  താലൂക്ക് സപ്ലൈ ഓഫീസര്‍- 9188527400, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍- 9188527828, 9188527829, 9188527830,  9188527831, 9188527832, 9188527833.

കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ കരീറ്റിപ്പറമ്പ് പ്രദേശത്ത്  നടത്തിയ പരിശോധനയില്‍ അര്‍ഹതയില്ലാതെ കൈവശം വെച്ച 22- ഓളം മുന്‍ഗണന, ഏ ഏ വൈ കാര്‍ഡുകള്‍ പിടിച്ചെടുത്തു.  സ്വന്തമായി ടൂറിസ്റ്റ് ബസ് ഉള്ളവരും രണ്ട് കാര്‍ കൈവശമുളളവരും വരെ മുന്‍ഗണനയില്‍ തുടരുന്നതായി കണ്ടെത്തി.  ഇവരില്‍നിന്നും അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വിപണി വില ഈടാക്കുകയും 1955 ലെ അവശ്യ വസ്തു നിയമപ്രകാരം മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  അനര്‍ഹരായ കാര്‍ഡുടമകളെ കണ്ടെത്താന്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിന് താലൂക്ക് സപ്ലൈ ഓഫീസര്‍ പി. പ്രമോദ് നേതൃത്വം നല്‍കി.  റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത്ത് സിംഗ്, അബ്ദുസ്സമദ്, സത്യജിത്ത് ഡി.എസ്. എന്നിവരും  സ്‌ക്വാഡ് അംഗങ്ങളായ  സുരേഷ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പെരുമാള്‍പുരം, പള്ളിക്കര, കീഴൂര്‍ ഭാഗങ്ങളില്‍ 40-ഓളം വീടുകളില്‍ പരിശോധന നടത്തി.  അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ച ഒമ്പത് കുടുംബങ്ങളെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിച്ചു.  വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെയ്ക്കുന്നവരില്‍ നിന്നും പിഴയും അനര്‍ഹമായി വാങ്ങിയ റേഷന്‍ സാധനങ്ങളുടെ കമ്പോള വിലയും ഈടാക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.