ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്

post

മൂന്ന് പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് : ജില്ലയില്‍  ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും മൂന്ന് പേര്‍ രോഗമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 32 വയസ്സുള്ള വടകര നഗരസഭാ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 26ന് മുംബൈയില്‍ നിന്നു കാര്‍മാര്‍ഗ്ഗം എത്തി വടകര കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 9 ന് സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആവുകയും ചെയ്തു. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 23 വയസ്സുള്ള ഓര്‍ക്കാട്ടേരി സ്വദേശിനി, എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലുള്ള 30 വയസ്സുള്ള തൂണേരി സ്വദേശി, 37 വയസ്സുള്ള വളയം സ്വദേശി എന്നിവരാണ് രോഗമുക്തി നേടിയത്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 133 ഉം രോഗമുക്തി നേടിയവര്‍ 53 ഉം ആയി. ഒരാള്‍ ചികിത്സക്കിടെ മരിച്ചു. ഇപ്പോള്‍ 79 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 18 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 55 പേര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 3 പേര്‍  കണ്ണൂരിലും ഒരാള്‍ എറണാകുളത്തും, ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

കൂടാതെ ഒരു മലപ്പുറം സ്വദേശിയും ഒരു വയനാട് സ്വദേശിയും, ഒരു കണ്ണൂര്‍ സ്വദേശിയും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലുണ്ട്.

260 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7858 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7741 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍  7581 എണ്ണം നെഗറ്റീവ് ആണ്.  117 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

പുതുതായി വന്ന 893 പേര്‍ ഉള്‍പ്പെടെ 10177 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതുവരെ 35,901 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  പുതുതായി വന്ന 46 പേര്‍ ഉള്‍പ്പെടെ 180 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 107 പേര്‍ മെഡിക്കല്‍ കോളേജിലും 73 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലുമാണ്. 21 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

557 പേര്‍ ഉള്‍പ്പെടെ ആകെ 3115 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 489 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 2561 പേര്‍ വീടുകളിലും 65 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍  94 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 1540 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 12 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. കൂടാതെ 98 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.

2211 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8122 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.