വന്യമൃഗശല്യം പരിഹരിക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

post

കോഴിക്കോട് : വന്യമൃഗശല്യം പരിഹരിക്കാന്‍ എല്ലാവിധ മുന്‍കരുതലും മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് തൊഴില്‍- എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. പെരുവണ്ണാമൂഴി വനം വകുപ്പ് ഓഫീസ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. ചക്കിട്ടപ്പാറ പഞ്ചായത്തില്‍ വന്യമൃഗത്തെ കണ്ടുവെന്ന അഭ്യൂഹം നിലനില്‍ക്കുകയും ആടുകളെ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ സന്ദര്‍ശനം. വന്യമൃഗത്തെ പിടികൂടുന്നതിനായി വയനാട്ടില്‍ നിന്നും കൂടുതല്‍  കൂടുകളും  കാമറകളും കൊണ്ടുവരുമെന്നും വനമേഖലയില്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. നിരീക്ഷണത്തിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ പ്രദേശത്ത് നിയോഗിക്കുമെന്നും അടിയന്തിരമായി ഇക്കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

മയക്കുവെടി വെക്കേണ്ടതുണ്ടെങ്കില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തെ വനം വകുപ്പ് അയക്കുമെന്നും  വനം മന്ത്രിയുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. വന്യമൃഗ ശല്യം നേരിടുന്നതിനായി റാപ്പിഡ് റെസ്‌പോണ്‌സ് ടീമിനെ ചെമ്പനോട ഭാഗത്ത് നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. വന്യമൃഗത്തിന്റെ ആക്രമണത്തില്‍ വളര്‍ത്തു മൃഗങ്ങളെ നഷ്ട്ടപെട്ട ആള്‍ക്ക്  വെറ്റിനറി സര്‍ജന്റെ റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം കൂടുതല്‍ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുനില്‍, മണ്ഡലം വികസന മിഷന്‍ ജനറല്‍ കണ്‍വീനര്‍ എം കുഞ്ഞമ്മദ്, ജില്ലാ വനംവകുപ്പ് ഓഫീസര്‍ കെ രാജീവന്‍, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അഖില്‍ നാരായണന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ ഷജീവ്, ഫ്രാന്‍സിസ് കിഴക്കരക്കാട്ട് എന്നിവര്‍ പങ്കെടുത്തു.