ജില്ലയില്‍ ഒരു കോവിഡ് കൂടി സ്ഥിരീകരിച്ചു

post

കോഴിക്കോട് : ജില്ലയില്‍ ഇന്നലെ (20.05.2020) ഒരു കോവിഡ് പോസിറ്റീവ് കൂടി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. മുംബൈയില്‍ നിന്ന് വന്ന 22 വയസ്സുള്ള അരിക്കുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

മെയ് 11 ന് രാത്രി മുംബൈയില്‍ നിന്നു ബസ്സില്‍ യാത്ര പുറപ്പെട്ട് 13 ന് രാവിലെ 8.30 ന് കൊയിലാണ്ടിയില്‍ എത്തി അരിക്കുളത്തുള്ള കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 17 ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ കൊറോണ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 36 ആയി. ഇതില്‍ 24 പേര്‍ക്കാണ് രോഗം ഭേദമായത്.  ബാക്കി 12 കോഴിക്കോട് സ്വദേശികളും കൂടാതെ, രണ്ട് ഇതര ജില്ലക്കാരും പോസിറ്റീവായി ജില്ലയില്‍ ചികിത്സ തുടരുന്നു.

ഇന്നലെ 86 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3044 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2978 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2934 എണ്ണം നെഗറ്റീവ് ആണ്. 66 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.