ക്വാറന്റൈനിലുള്ളവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പുവരുത്തും

post

കോഴിക്കോട് : കോവിഡ് കെയര്‍ സെന്ററുകളില്‍ ക്വാറന്റൈനില്‍ എത്തുന്ന ആളുകള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്തുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. താമസം, ഭക്ഷണം, ശുചിത്വം എന്നിവയിലെല്ലാം ഒരു കുറവും വരുത്താന്‍ പാടുള്ളതല്ല. പരാതികള്‍ക്കിടവരാത്ത വിധം മതിയായ സംവിധാനം അവര്‍ക്ക് നല്‍കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ നടന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വിവധ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യതയുള്ളതിനാല്‍ എല്ലാ പ്രാഥമിക ആശുപത്രികളിലും കൃത്യമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തണം.മരുന്നിന്റെ ലഭ്യതയും ജീവനക്കാരുടെ എണ്ണവും കുറയാത്ത വിധം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ആശുപത്രികളിലേക്ക് വരുന്ന രോഗികള്‍ക്ക് മതിയായ ചികിത്സയും സംരക്ഷണവും നല്‍കണം. പി.പി.ഇ കിറ്റുകളുടെ ലഭ്യത ഉറപ്പ് വരുത്തണം. മഴക്കാലം വരുന്നതിനാല്‍ മാലിന്യസംസ്‌ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതപ്പെടുത്തണമെന്ന് മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങളെ സംരക്ഷിക്കുകയും രോഗത്തെ തടയലുമാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു.

കൊറോണ വ്യാപനം തടയാന്‍ ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്കൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്ല നിലയില്‍ പങ്ക് വഹിച്ചിട്ടുണ്ട്. മേഖലയില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നുവെന്ന് മന്ത്രി യോഗത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച വളണ്ടിയര്‍മാരെ വേണമെങ്കില്‍ പുനക്രമീകരണം ചെയ്യാം. പ്രയാസമുള്ളവരെ മാറ്റി നിര്‍ത്തി രജിസ്റ്റര്‍ ചെയ്ത വളണ്ടിയര്‍മാരെ പുതുതായി ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികള്‍ക്കാവശ്യമായ സഹായം ചെയ്തുകൊടുക്കണം. നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെടുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കി കൊടുക്കണം. ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള സംവിധാനം ഉണ്ടാക്കി അവരെ ഉപയോഗപ്പെടുത്തണം. 

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ വല്ലതും ഉണ്ടെങ്കില്‍ അവരെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ അവടെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു അനാവശ്യയാത്രക്കാരേയും മാസ്‌ക്ക് ഇല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്ന് സിറ്റി പോലിസ് കമ്മിഷണര്‍ എ.വി ജോര്‍ജ്ജ് പറഞ്ഞു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി, വിവിധ വകുപ്പു ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.