പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

post

കോഴിക്കോട്: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും മത്സ്യതൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ ഇറങ്ങാന്‍ പാടില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങള്‍  ബന്ധപ്പെട്ട അധികൃതരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍

അറബിക്കടലില്‍ ലക്ഷദ്വീപിനടുത്തായി ന്യൂനമര്‍ദ പ്രദേശം രൂപപ്പെട്ടു വരുന്നുണ്ട്. അടുത്ത 48 മണിക്കൂറില്‍ അത് കൂടുതല്‍ ശക്തിപ്പെടാനും തീവ്രന്യൂനമര്‍ദം വീണ്ടും ശക്തിപ്പെടുകയാണെങ്കില്‍ പിന്നീട് ചുഴലിക്കാറ്റുമാകാനും സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുകയും അത് കൂടുതല്‍ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നു.

ന്യൂനമര്‍ദങ്ങളുടെ പ്രഭാവം മൂലം അറബിക്കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും കടലില്‍ മോശം കാലാവസ്ഥ രൂപപ്പെടാനിടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 1, 2 തീയതികളില്‍ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

മുന്‍കരുതലിന്റെ ഭാഗമായി, കടലില്‍ പോയ മത്സ്യതൊഴിലാളികള്‍ ഉടന്‍ അടുത്തുള്ള തീരത്ത് തിരിച്ചെത്തണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു.

വള്ളങ്ങള്‍ ഒരു കാരണവശാലും കടലില്‍ പോകരുത്. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ തീവ്രന്യൂനമര്‍ദം കടന്നു പോകുന്നതിനാല്‍ കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനമുണ്ട്.

ന്യൂനമര്‍ദത്തിന്റെ പ്രഭാവത്താല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ വിശേഷിച്ച് തീരമേഖലയിലും മലയോര മേഖലയിലും ചില നേരങ്ങളില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയും കേരളത്തില്‍ വിവിധയിടങ്ങളില്‍ പ്രതീക്ഷിക്കാവുന്നതാണ്. ന്യൂനമര്‍ദം ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലാക്രമണം രൂക്ഷമാകാനുള്ള സാധ്യത ഉണ്ട്. ന്യൂനമര്‍ദത്തിന്റെ പ്രഭാവം രാത്രിയിലും തുടരാനുള്ള സാധ്യതയുള്ളതിന്നാല്‍ ജാഗ്രത പാലിക്കണം. അപകടാവസ്ഥയിലുള്ള പോസ്റ്റുകളെയും മരങ്ങളെയും പ്രത്യേകം ശ്രദ്ധിക്കുകയും അപകടമുണ്ടാക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുകയും വേണം. ഫിഷറീസ്, കോസ്റ്റല്‍ പോലീസ്, DEOC, താലൂക്ക്, KSEB കോണ്‍ട്രോള്‍റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.